മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും നിരാശ; ക്രിസ്റ്റല്‍ പാലസിനോട് വമ്പന്‍ തോല്‍വി

ക്രിസ്റ്റല്‍ പാലസിന് വേണ്ടി മൈക്കല്‍ ഒലീസെ ഇരട്ട ഗോളുകളുമായി തിളങ്ങി
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും നിരാശ; ക്രിസ്റ്റല്‍ പാലസിനോട് വമ്പന്‍ തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ പരാജയം. ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് തോല്‍വി വഴങ്ങിയത്. ക്രിസ്റ്റല്‍ പാലസിന് വേണ്ടി മൈക്കല്‍ ഒലീസെ ഇരട്ട ഗോളുകളുമായി തിളങ്ങി.

ക്രിസ്റ്റല്‍ പാലസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മോശം പ്രകടനമാണ് യുണൈറ്റഡ് കാഴ്ച വെച്ചത്. ഗോള്‍ കീപ്പര്‍ ആന്ദ്രേ ഒനാനയുടെ രക്ഷാപ്രവര്‍ത്തനം മാത്രമാണ് തോല്‍വിയുടെ ഭാരം കുറച്ചത്. 12-ാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് ലീഡ് വഴങ്ങി. മൈക്കല്‍ ഒലീസെയാണ് പാലസിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. 40-ാം മിനിറ്റില്‍ ജീന്‍ ഫിലിപ്പ് മറ്റേറ്റയിലൂടെ പാലസ് സ്‌കോര്‍ ഇരട്ടിയാക്കി.

രണ്ടാം പകുതിയില്‍ പാലസ് ആക്രമണം തുടര്‍ന്നു. 58-ാം മിനിറ്റില്‍ ടൈരിക് മിച്ചല്‍ പാലസിന്റെ മൂന്നാം ഗോള്‍ നേടി. 66-ാം മിനിറ്റില്‍ ഒലീസെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ പാലസ് നാല് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിച്ചു. 35 മത്സരങ്ങളില്‍ 54 പോയിന്റുമായി എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com