ലണ്ടനില്‍ ആഴ്‌സണലിന്റെ 'ആറാട്ട്'; പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകര്‍ത്തു

ബുകായോ സാക ഇരട്ടഗോളുമായി തിളങ്ങി
ലണ്ടനില്‍ ആഴ്‌സണലിന്റെ 'ആറാട്ട്'; പ്രീമിയര്‍ ലീഗില്‍ വെസ്റ്റ് ഹാമിനെ തകര്‍ത്തു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ലണ്ടന്‍ ഡെര്‍ബിയില്‍ ആഴ്‌സണലിന് തകര്‍പ്പന്‍ വിജയം. വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകളുടെ വമ്പന്‍ വിജയമാണ് ഗണ്ണേഴ്‌സ് സ്വന്തമാക്കിയത്. ബുകായോ സാക ഇരട്ടഗോളുമായി തിളങ്ങി. വെസ്റ്റ് ഹാമിന്റെ സ്വന്തം തട്ടകമായ ലണ്ടന്‍ സ്റ്റേഡിയത്തില്‍ അര്‍ട്ടേറ്റയുടെ ശിഷ്യന്മാരുടെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കാണാന്‍ സാധിച്ചത്.

മത്സരത്തിന്റെ 32-ാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ ഗോളടി തുടങ്ങി. യുവ സെന്റര്‍ ബാക്ക് താരം വില്ല്യം സാലിബയാണ് ഗണ്ണേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 41-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ബുകായോ സാക ആഴ്‌സണലിന്റെ ലീഡ് ഇരട്ടിയാക്കി. ആഴ്‌സണലിന് വേണ്ടി സാക നേടുന്ന 50-ാമത് ഗോളായിരുന്നു അത്. രണ്ട് മിനിറ്റിന് ശേഷം ഗബ്രിയേല്‍ മഗല്‍ഹെസും ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും ഗോളടിച്ചതോടെ ഗണ്ണേഴ്‌സ് നാല് ഗോളുകളുടെ വമ്പന്‍ ലീഡ് സ്വന്തമാക്കി.

രണ്ടാം പകുതിയിലും സന്ദര്‍ശകര്‍ ഗോള്‍വേട്ട തുടര്‍ന്നു. 63-ാം മിനിറ്റില്‍ ബുകായോ സാക മത്സരത്തിലെ തന്റെ രണ്ടാം ഗോളും കണ്ടെത്തി. അഞ്ചാം ഗോള്‍ പിറന്ന് രണ്ട് മിനിറ്റിനുള്ളില്‍ ആഴ്‌സണലിന്റെ ആറാം ഗോളും എത്തി. 65-ാം മിനിറ്റില്‍ തന്റെ മുന്‍ ക്ലബ്ബിനെതിരെ ഡെക്ലാന്‍ റൈസ് സ്‌കോര്‍ ചെയ്തതോടെ ആഴ്‌സണല്‍ ആറ് ഗോളുകളുടെ ആധികാരിക വിജയം ഉറപ്പിച്ചു.

പ്രീമിയര്‍ ലീഗിന്റെ പോയിന്റ് ടേബിളില്‍ മൂന്നാമതാണ് ആഴ്‌സണല്‍. 24 മത്സരങ്ങളില്‍ നിന്ന് 52 പോയിന്റാണ് ഗണ്ണേഴ്‌സിന്റെ സമ്പാദ്യം. അത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് 36 പോയിന്റുള്ള വെസ്റ്റ് ഹാം എട്ടാം സ്ഥാനത്താണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com