യുണൈറ്റഡിനെ നാണം കെടുത്തി ബ്രൈറ്റൺ; വിജയ​ഗാഥ തുടർന്ന് സിറ്റി

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് ബ്രൈറ്റണോട് മുട്ടുകുത്തിയത്
യുണൈറ്റഡിനെ നാണം കെടുത്തി ബ്രൈറ്റൺ; വിജയ​ഗാഥ തുടർന്ന് സിറ്റി

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. എവേ മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തോല്‍പ്പിച്ചത്. ഇതോടെ ലീഗില്‍ കളത്തിലിറങ്ങിയ അഞ്ച് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ് പെപ് ഗ്വാർഡിയോളയുടെ ടീം. അതേസമയം സ്വന്തം കാണികൾക്ക് മുന്നിൽ ബ്രൈറ്റണോട് ദയനീയ പരാജയമേറ്റുവാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുണൈറ്റഡ് ബ്രൈറ്റണോട് മുട്ടുകുത്തിയത്.

ശനിയാഴ്ച സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തിലാണ് എറിക് ടെന്‍ഹാഗിന്റെ ടീമിന് കനത്ത തോല്‍വിയേറ്റുവാങ്ങേണ്ടി വന്നത്. മികച്ച രീതിയില്‍ തന്നെയാണ് മത്സരം ആരംഭിച്ചതെങ്കിലും ബ്രൈറ്റണ്‍ പ്രതിരോധം ഭേദിക്കാന്‍ യുണൈറ്റഡിന്റെ മുന്നേറ്റനിരയ്ക്ക് കഴിഞ്ഞില്ല. റാഷ്‌ഫോര്‍ഡിന്റെ ഒരു ഷോട്ട് ലക്ഷ്യത്തിലേക്ക് വന്നെങ്കിലും ബ്രൈറ്റണ്‍ കീപ്പര്‍ ജേസണ്‍ സ്റ്റീല്‍ തടഞ്ഞു. പതുക്കെ ബ്രൈറ്റണ്‍ കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ തുടങ്ങി. 20-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് സൈമണ്‍ അദിംഗ്ര നല്‍കിയ പാസില്‍ നിന്ന് ഡാനി വെല്‍ബെക്ക് ബ്രൈറ്റണ് ലീഡ് സമ്മാനിച്ചു.

യുണൈറ്റഡ് മറുപടി ഗോളിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. 40-ാം മിനിറ്റില്‍ റാസ്മുസ് ഹോയ്‌ലുണ്ടിലൂടെ യുണൈറ്റഡ് സമനില നേടി. പക്ഷേ വാര്‍ പരിശോധനയില്‍ റാഷ്‌ഫോര്‍ഡ് ഹോയ്‌ലുണ്ടിന് പാസ് നല്‍കുന്നതിന് മുന്‍പ് പന്ത് പുറത്ത് പോയിരുന്നെന്ന് കണ്ടെത്തി. ഇതോടെ ആദ്യ പകുതി ബ്രൈറ്റണ് അനുകൂലമായി 1-0ന് അവസാനിച്ചു.

രണ്ടാം പകുതിയിലും മത്സരത്തിന്റെ നിയന്ത്രണം ബ്രൈറ്റണ്‍ വിട്ടുകൊടുത്തില്ല. 53-ാം മിനിറ്റില്‍ പാസ്‌കാല്‍ ഗ്രോസിലൂടെ ബ്രൈറ്റണ്‍ ലീഡുയര്‍ത്തി. താരിഖ് ലാമ്പ്റ്റിയുടെ പാസ് സ്വീകരിച്ച ഗ്രോസ് ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ കബളിപ്പിച്ചാണ് ഫിനിഷ് ചെയ്തത്. 71-ാം മിനിറ്റില്‍ വീണ്ടും യുണൈറ്റഡിന്റെ വല കുലുങ്ങി. ബ്രസീലിയന്‍ താരം ജാവോ പെഡ്രോ മൂന്നാം ഗോള്‍ നേടിയതോടെ ബ്രൈറ്റണ്‍ വിജയമുറപ്പിച്ചു. 73-ാം മിനിറ്റില്‍ യുണൈറ്റഡ് ഒരു ഗോള്‍ തിരിച്ചടിച്ചു. മിഡ്ഫീല്‍ഡര്‍ ഹാനിബല്‍ മെജ്ബ്രി മനോഹരമായ സ്‌ട്രൈക്കിലൂടെയാണ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഓള്‍ഡ് ട്രാഫോഡില്‍ പരാജയപ്പെടുന്നത്. ആ മത്സരത്തിലും ബ്രൈറ്റനോടായിരുന്നു പരാജയം. ലീഗില്‍ അഞ്ച് മത്സരത്തില്‍ നിന്ന് യുണൈറ്റഡിന്റെ മൂന്നാം തോല്‍വിയാണിത്. ആറ് പോയിന്റുമായി പട്ടികയില്‍ 12-ാം സ്ഥാനത്താണ് യുണൈറ്റഡ്. വിജയത്തോടെ ബ്രൈറ്റണ്‍ 12 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.

ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനെ പരാജയപ്പെടുത്തി. ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ വന്നില്ല. അതിനിടെ കിട്ടിയ അവസരം മുതലെടുത്ത വെസ്റ്റ്ഹാം 36-ാം മിനിറ്റില്‍ ലീഡ് എടുത്തു. മധ്യനിര താരം ജെയിംസ് വാര്‍ഡ്‌പ്രോസ് നേടിയ ഗോളില്‍ വെസ്റ്റ്ഹാമിന് അനുകൂലമായി ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സിറ്റി സമനില കണ്ടെത്തി. 46-ാം മിനിറ്റില്‍ സിറ്റിയുടെ പുതിയ സൈനിങ് ജെറെമി ഡോകുവാണ് ഗോള്‍ നേടിയത്. 76-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയിലൂടെ സിറ്റി ലീഡുയര്‍ത്തി. ഇരുഗോളുകളുകള്‍ക്കും അസിസ്റ്റ് നല്‍കിയത് ജൂലിയന്‍ അല്‍വാരസ് ആയിരുന്നു. 87-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയുടെ അസിസ്റ്റില്‍ നിന്ന് സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് കൂടെ ഗോള്‍ നേടിയതോടെ സിറ്റിയുടെ വിജയം പൂര്‍ത്തിയായി. ഈ ജയത്തോടെ 15 പോയിന്റുമായി സിറ്റി ലീഗില്‍ ഒന്നാമതെത്തി. പത്ത് പോയിന്റുമായി വെസ്റ്റ്ഹാം ആറാം സ്ഥാനത്താണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com