
ലിസ്ബൺ: അടുത്ത വർഷം ജർമ്മനിയിൽ നടക്കുന്ന യൂറോകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. ലക്സംബർഗിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തകർത്താണ് പറങ്കിപ്പട യൂറോകപ്പിന് ടിക്കറ്റ് എടുത്തത്. യോഗ്യത റൗണ്ടിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചാണ് പോർച്ചുഗീസ് മുന്നേറ്റം. പോർച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ലക്സംബർഗിനെതിരെ നടന്ന മത്സരത്തിൽ നേടിയത്.
സ്ലൊവാക്കിയായ്ക്കെതിരായ മത്സരത്തിൽ മഞ്ഞകാർഡ് കണ്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്സംബർഗിനെതിരെ കളിച്ചിരുന്നില്ല. സൂപ്പർതാരം ഇല്ലാതെ ഇറങ്ങിയ പോർച്ചുഗലിന്റെ പ്രകടനം ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരുന്നത്. ക്രിസ്റ്റ്യാനോയുടെ പകരക്കാരനായി മുൻനിരയിൽ ഗോൺസാലോ റാമോസ് ആണ് കളിച്ചത്. ബെർണാഡോ സിൽവയും ബ്രൂണോ ഫെർണാണ്ടസും ഡിഫൻസീവ് മധ്യനിരയിൽ കളിച്ചു. ആശങ്കകളെ അകറ്റി 12-ാം മിനിറ്റിൽ ഗോൺസാലോ ഇനാസിയോ ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു.
ക്രിസ്റ്റ്യാനോയുടെ പകരക്കാരനായ ഗോൺസാലോ റാമോസ് 17-ാം മിനിറ്റിൽ പോർച്ചുഗീസ് ലീഡ് ഉയർത്തി. 33-ാം മിനിറ്റിൽ റാമോസ് വീണ്ടും വലചലിപ്പിച്ചു. ആദ്യ പകുതി മൂന്ന് ഗോളുകളുടെ ലീഡൽ പോർച്ചുഗൽ അവസാനിപ്പിച്ചു. രണ്ടാം പകുതിയിലായിരുന്നു പോർച്ചുഗീസ് പടയോട്ടം കൂടുതൽ ശക്തമായത്. ഡിയോഗോ ജോട്ടയും ജാവോ ഫെലിക്‌സും റിക്കാർഡോ ഹോർട്ടയും തുടങ്ങി പോർച്ചുഗലിന്റെ ആറ് താരങ്ങൾ ഗോളുകൾ നേടി.