Top

'കാഴ്ചയ്‌ക്കൊപ്പം കഥ പറയുന്ന കണ്ണുകൾ'; മറക്കാത്ത കണ്ണുകളുള്ള ഫഹദ് ഫാസിൽ കഥാപാത്രങ്ങൾ

താരബാധ്യതയുടെ തടവിൽപ്പെടാതെ, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ സൂക്ഷ്മമായി തീർക്കുന്ന കഥാപാത്രങ്ങൾ. കണ്ണുകൊണ്ട് കഥപറയാനുള്ള നടന്റെ പാഠവം.

8 Aug 2022 6:30 AM GMT
ഫിൽമി റിപ്പോർട്ടർ

കാഴ്ചയ്‌ക്കൊപ്പം കഥ പറയുന്ന കണ്ണുകൾ; മറക്കാത്ത കണ്ണുകളുള്ള ഫഹദ് ഫാസിൽ കഥാപാത്രങ്ങൾ
X

നായക സങ്കൽപ്പങ്ങളെ അപ്പാടെ പൊളിച്ചെഴുതിയാണ് ഫഹദ് ഫാസിൽ എന്ന നടൻ സിനിമയിൽ തന്റെ ഇടം കൃത്യമായി അടയാളപ്പെടുത്തിയത്. അഭിനേതാവ് എന്ന നിലയിൽ തന്റെ ശരീരത്തിന്റെ സാധ്യതകളെ പൂർണ്ണമായും ഉപയോഗപ്പെടുത്താനുള്ള നടന്റെ ശ്രമങ്ങൾ ഫഹദ് ഫാസിൽ കഥാപാത്രങ്ങൾക്ക് കരുത്തായി. താരബാധ്യതയുടെ തടവിൽപ്പെടാതെ, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാതെ സൂക്ഷ്മമായി തീർക്കുന്ന കഥാപാത്രങ്ങൾ. കണ്ണുകൊണ്ട് കഥപറയാനുള്ള നടന്റെ പാഠവം. മറക്കാത്ത കണ്ണുകളുള്ള ചില ഫഹദ് ഫാസിൽ കഥാപാത്രങ്ങൾ...

മലയൻകുഞ്ഞ്- അനിക്കുട്ടൻ

പൊന്നിയുടെ കരച്ചിൽ ആസ്വസ്ഥമാക്കിയിരുന്ന അനിക്കുട്ടനെയാണ് പ്രേക്ഷകർ അവസാനം കണ്ടത്. ജീവിതം കൊടുത്ത മുറിവുകൾ കൊണ്ട് നിർബന്ധബുദ്ധിക്കാരനും ശാഠ്യക്കാരനുമായി തീർന്ന അനിയൻ കുട്ടനെ. അതിരുകൾക്കിടയിൽ സ്വയമേ തളച്ചിട്ട മനുഷ്യൻ, കഥ പുരോഗമിക്കുന്നതോടെ അവൻ കാണുന്ന കാഴ്ചകളും അവൻ കാണുന്ന പൊന്നിയും അവനെ കാണുന്ന നമ്മളും മാറിക്കൊണ്ടിരിക്കുന്നു.

'മലയൻകുഞ്ഞി'ന്റെ അതിജീവനം ആ കണ്ണുകൾ പറയും. 'ടേക്ക് ഓഫും' 'സി യു സൂണും' 'മാലിക്കും' ഒരുക്കിയ മഹേഷ് നാരായണൻ രചനയും ആദ്യമായി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സജിമോൻ പ്രഭാകർ ആണ്.


മഹേഷിന്റെ പ്രതികാരം- മഹേഷ്

ചാപ്പാ കുരിശിലൂടെ രണ്ടാംവരവ് വിജയകരമായി ആരംഭിച്ച സമയം ഫഹദ് നേരിട്ട പ്രധാന വിമർശനം നാഗരികരായ കഥാപാത്രങ്ങളായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്നതായിരുന്നു. എന്നാൽ ദിലീഷ് പോത്തന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'മഹേഷിൻറെ പ്രതികാരത്തിലെ' ഇടുക്കിക്കാരൻ മഹേഷ് ഭാവന അടക്കമുള്ളവർ ജനപ്രീതിയിൽ മുന്നിലെത്തിയപ്പോൾ ആ വിമർശനങ്ങളുടെ മുനയൊടിഞ്ഞു പോയി. മഹേഷ് അവന്റെ പ്രതികാരം തല്ലി തീർക്കുകയായിരുന്നോ എന്ന് പ്രേക്ഷകൻ സംശയിച്ചേക്കാം. മഹേഷിന്റെ കണ്ണുകളായിരുന്നു ആ പ്രതികാര കഥ അത്രയും പറഞ്ഞത്. സംഘർഷങ്ങളും ഉൾവ്യഥകളും പ്രണയവും പ്രതികാരവും മഹേഷ് ഭാവന എന്ന സാധാരണക്കാരൻ അവന്റെ കണ്ണുകളിലൂടെ പറഞ്ഞുവെച്ചു.


അന്നയും റസൂലും- റസൂൽ

അന്നയെ ഭ്രാന്തമായാണ് റസൂൽ പ്രണയിക്കുന്നത്. വിരസതയാർന്ന ജീവിതത്തിൽ അന്നയ്ക്ക്, 'ജീവിക്കുന്നു' എന്ന് ഒരു നിമിഷമെങ്കിലും തോന്നിയത് റസൂലിനെ കണ്ടപ്പോഴാണ്. ഒരു വഴിപാട് പോലെ ജീവിതം നടന്ന് തീർക്കുന്ന റസൂലിന് എന്തെങ്കിലും കാര്യാമാക്കാൻ തോന്നിയെങ്കിൽ അത് അന്നയോടുള്ള പ്രണയം മാത്രമാണ്. ആ കണ്ണുകളിലേയ്ക്ക് നോക്കിപ്പോയാൽ ആ നിമിഷം അവൾ അവനോട് പ്രണയത്തിലാകുമായിരുന്നു.


തൊണ്ടിമുതലും ദൃക്സാക്ഷിയും- പ്രസാദ്

കൺകെട്ട് വിദ്യ സമർത്ഥമായി ഉപയോഗിക്കുന്ന കൗശലക്കാരനായ മാന്ത്രികനെപ്പോലെ ഒരു കള്ളൻ. അതായിരുന്നു ദിലീഷ് പോത്തന്റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിലെ കള്ളൻ പ്രസാദ്. പ്രസാദ് ശരിക്കും മാല മോഷ്ടിച്ചോ..? ഞൊടിയിടയിൽ ആ കണ്ണുകളിൽ മിന്നിമറഞ്ഞു പോയത് കള്ളന്റെ കൗശലം. ശ്രീജയ്ക്ക് ആള് മാറിപ്പോയെന്ന് സുരാജിന്റെ ഭർത്താവ് കഥാപാത്രം എങ്ങനെ വിശ്വസിക്കാതിരിക്കും.


ഡയമണ്ട് നെക്ലേസ്- ഡോ അരുൺ

സ്വാർത്ഥതയും ചതിയും കുശാഗ്രബുദ്ധിയും യൗവനത്തിന്റെ സകല ദൗർബല്യങ്ങളും ഒന്നിച്ച ഡോ. അരുണിന്റെ കണ്ണുകൾ. സ്വാർത്ഥത നിറഞ്ഞ അരുണിൻ്റെ കണ്ണുകൾ ആണ് ആ കഥാപാത്രത്തിൻ്റെ കരുത്ത്.


Story highlights: Some best characters of the iconic actor Fahad Fazil

Next Story