Top

'ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ ശബ്ദം നൽകിയതിന് നിങ്ങൾക്ക് മുന്നിൽ നമിക്കുന്നു'; 'റോക്കട്രി 'യെ കുറിച്ച് എ ആർ റഹ്മാൻ

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം

20 May 2022 8:48 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ ശബ്ദം നൽകിയതിന് നിങ്ങൾക്ക് മുന്നിൽ നമിക്കുന്നു; റോക്കട്രി യെ കുറിച്ച് എ ആർ റഹ്മാൻ
X

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം പറയുന്ന 'റോക്കട്രി ദി നമ്പി എഫക്റ്റ്' കണ്ട സന്തോഷം പങ്കുവച്ച് എ ആർ റഹ്മാൻ. ചിത്രം കാൻ ചലച്ചിത്ര മേളയിൽ ഇന്ന് പ്രദർശിപ്പിച്ചിരുന്നു. കാനിൽ സിനിമ കണ്ടു എന്നും ഇന്ത്യൻ സിനിമയ്ക്ക് ഒരു പുതിയ ശബ്ദം നൽകിയതിന് മാധവന് മുന്നിൽ ശിരസ്സ് നമിക്കുന്നു എന്നും എ ആർ റഹ്മാൻ കുറിച്ചു. ചേഞ്ച് ഈസ് ഹിയർ, റെസ്‌പെക്ട് ഇന്ത്യൻ സയ്ന്റിസ്റ്റ്സ് എന്ന ഹാഷ് ടാഗോടെയാണ് എ ആർ റഹ്മാൻ ട്വീറ്റ് പങ്കുവച്ചത്.

സിനിമ നേരിൽ കാണാൻ ആകാംക്ഷയിലാണ് എന്നും, ഇത് എല്ലാ ശാസ്ത്രജ്ഞന്മാർക്കും വേണ്ടിയുള്ള ആദരവ് കൂടിയാണ് എന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. നാലുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും മാധവന്‍ തന്നെയാണ്. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്ന പ്രത്യേകത കൂടിയുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോള്‍ തമിഴില്‍ സൂര്യ ആണ് അവതരിപ്പിക്കുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ ബഹുമതി നൽകിയിട്ടുണ്ട്. ആദ്യമായാണ് ഒരു രാജ്യത്തിന് ഇത്തരമൊരു ആദരവ് നൽകുന്നത്. ഇതിന്റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിച്ചത്.

നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് റോക്കറ്ററി ദി നമ്പി എഫക്റ്റ് നിർമ്മിച്ചിരിക്കുന്നത്. ചിത്രം ജൂലൈ ഒന്നിന് റിലീസിനെത്തും. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക.

Story highlights: Take a bow to ActorMadhavan for bringing a new voice to Indian cinema; AR Rahman on 'Rocketry'

Next Story