Top

'അമ്മ'യെ മാഫിയാ സംഘമെന്ന് വിളിച്ചതില്‍ ശക്തമായ പ്രതിഷേധമെന്ന് സിദ്ദിഖ്; ഒരു തവണ കൂടി ഷമ്മി തിലകനെ വിളിപ്പിക്കുമെന്ന് ഇടവേള ബാബു

26 Jun 2022 1:58 PM GMT
ഫിൽമി റിപ്പോർട്ടർ

അമ്മയെ മാഫിയാ സംഘമെന്ന് വിളിച്ചതില്‍ ശക്തമായ പ്രതിഷേധമെന്ന് സിദ്ദിഖ്; ഒരു തവണ കൂടി ഷമ്മി തിലകനെ വിളിപ്പിക്കുമെന്ന് ഇടവേള ബാബു
X

താരസംഘടനയായ 'അമ്മ'യുടെ യോഗം മൊബൈലില്‍ ചിത്രീകരിക്കുകയും സംഘടനക്കെതിരെ വിമര്‍ശനമുന്നയിക്കുകയും ചെയ്ത നടന്‍ ഷമ്മി തിലകനെതിരെ നടപടി സ്വീകരിക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സംഭവത്തില്‍ ഷമ്മി തലകനെ പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനും അടുത്ത എക്‌സിക്യൂട്ട് യോഗത്തലുണ്ടാകുമെന്നാണ് നടന്‍ സിദ്ദിഖ് പ്രതികരിച്ചത്. ജനറല്‍ ബോഡിക്ക് ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴയില്ലെന്നും ഭൂരിഭാഗം അംഗങ്ങളും പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയില്‍ അച്ചടക്ക സമിതിയിലെ അംഗം കൂടിയാണ് സിദ്ദിഖ്.

മൂന്ന് തവണ അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജറാകാന്‍ നിര്‍ദേശിച്ചെങ്കിലും ഷമ്മി തിലകന്‍ ഹാജറായിരുന്നില്ല. ഷമ്മി തിലകനെ ഒരു തവണ കൂടി വിളിക്കുമെന്നും അതിനുള്ള ചുമതല എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുണ്ടെന്നുമാണ് സംഘടന സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചത്. ബൈലോ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരിക്കാന്‍ സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ തയ്യാറായില്ല.

പത്രസമ്മേളനത്തിലെ പ്രതികരണങ്ങള്‍

സിദ്ദിഖ്- 'സോഷ്യല്‍ മീഡിയയിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടേയും അദ്ദേഹം 'അമ്മ'ക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. 'അമ്മ'യൊരു മാഫിയ സംഘമാണ് എന്നതുള്‍പ്പെടെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ 'അമ്മ'യുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും അത് പറഞ്ഞതാണ്. ആ സമയത്ത് ഞങ്ങള്‍ അത് വഴിയേ ആലോചിക്കാമെന്ന് പറഞ്ഞു. പക്ഷെ, ഇന്ന് പൊതുയോഗം അതില്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. പലരും പല രീതിയില്‍ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഷമ്മി തിലകനെതിരെ ഒരു നടപടിയെടുക്കാന്‍് പൊതുയോഗം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഷമ്മി തിലകനെ വിളിച്ച് ഒരു വിശദീകരണം ചോദിക്കും. അങ്ങനെയെന്തെങ്കിലും ചെയ്തതിന് ശേഷമാണ് ഒരു നടപടിയിലേക്കൊക്കെ പോകുന്നുള്ളൂ. പക്ഷെ, ഇങ്ങനെയുള്ള പ്രവൃത്തികള്‍ അദ്ദേഹം ചെയ്യുന്നതിന്റെ പേരില്‍ പൊതുയോഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. ഒരുപാട് പേര്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. അടുത്ത ഭാരവാഹിയോഗം ചേര്‍ന്നിട്ട് വേണം നടപടി. ഷമ്മി തിലകന് പറയാനുള്ളത് കൂടി കേള്‍ക്കണം. ഇന്ന് അദ്ദേഹം യോഗത്തിന് വന്നിരുന്നില്ല. കേട്ടിട്ട് വേണം എന്തെങ്കിലും നടപടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

പുറത്താക്കണമെന്നും സസ്‌പെന്‍ഡ് ചെയ്യണമെന്നും ശാസന വേണമെന്നും അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ട എന്ന് പറഞ്ഞവരുമുണ്ട്. പക്ഷെ, ഭൂരിഭാഗം പേരും ആവശ്യപ്പെട്ടത് പുറത്താക്കാനാണ്. ജനറല്‍ ബോഡിയില്‍ അങ്ങനെ പറഞ്ഞെന്ന് കരുതി പെട്ടെന്നൊരു നടപടിയെടുക്കാന്‍ ജനറല്‍ ബോഡിക്ക് സാധിക്കില്ല. മൂന്ന് തവണ ഷമ്മി തിലകനെ വിളിച്ചിരുന്നു'.

ഇടവേള ബാബു- 'ഒരു തവണ കൂടി വിളിക്കും എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ചുമതലയുണ്ട്'.

സിദ്ദിഖ്- 'ഷമ്മി തിലകന്‍ ഇപ്പോഴും അമ്മയുടെ മെമ്പറാണ്. പുറത്താക്കിയിട്ടില്ല. ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വരുന്നതിന് ഞങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റില്ല. എന്താണ് ഇങ്ങനെയൊക്കെ ചെയ്തതിന്റെ കാര്യം എന്ന് അദ്ദേഹത്തോട് ചോദിക്കണം'.

ഇടവേള ബാബു- 'ബൈലോയുടെ നിയമങ്ങള്‍ പാലിക്കണം'.

സിദ്ദിഖ്- 'യോഗത്തിന് നിര്‍ദ്ദേശിക്കാനേ കഴിയൂ. തീരുമാനമെടുക്കാന്‍ പറ്റില്ല. അത് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കേ കഴിയൂ'.

മോഹന്‍ലാല്‍- 'ചോദിച്ചു. പിന്നെന്തിനാണ് പറയുന്നത്? മനസ്സിലായി. അതാ മുഖം കണ്ടാല്‍ അറിയാം.'

Next Story

Popular Stories