Top

കാലത്തിന്റെ കണ്ണ് തട്ടാത്ത കഥാകാരൻ; പത്മാരാജൻ ഓർമ്മകൾക്ക് 32 വയസ്സ്

'ഞാൻ ഗന്ധർവ്വൻ' എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

24 Jan 2023 7:28 AM GMT
അമൃത രാജ്

കാലത്തിന്റെ കണ്ണ് തട്ടാത്ത കഥാകാരൻ; പത്മാരാജൻ ഓർമ്മകൾക്ക് 32 വയസ്സ്
X

കഥാകൃത്തിൽ നിന്നും തിരക്കഥാ രചന, തുട‍‍‍ർന്ന് മലായാളികളുടെ പ്രിയപ്പെട്ട സംവിധായകനായ പത്മരാജൻ. എന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ പാകത്തിനുള്ള നിമിഷങ്ങൾ സിനിമയിലൂടെ സമ്മാനിച്ച പ്രണയത്തിന്റെ, കാവ്യത്തിന്റെ, സൃഷ്ടാവ് എന്ന് വിശേഷിപ്പിക്കാം. അന്നും ഇന്നും എന്നും ഓർക്കാൻ പാകത്തിന് ഒരുപിടി മികച്ച സിനിമകൾക്ക് ജന്മം നൽകിയ പത്മരാജൻ മലയാള സിനിമയിൽ നിന്ന് മറഞ്ഞിട്ട് ഇന്ന് 32 വർഷം തികയുകയാണ്.

ചെയ്യാൻ ഇനിയും ഏറെ നല്ല കഥകൾ ബാക്കിയാക്കി പത്മരാജൻ വിട വാങ്ങിയെങ്കിലും പ്രേക്ഷക മനസിനെ ഉലച്ച, പുരുഷാധിപത്യ ചിന്തകളേ പോളിച്ചെഴുതിയ, തന്റെ രാഷ്ട്രീയം കൃത്യമായി കലയിലൂടെ തുറന്ന് പറഞ്ഞ സിനിമകളും സാഹിത്യവും ഇന്നും പുതുമ നഷ്ടപ്പെടാതെ ജ്വലിക്കുകയാണ്.

1965 ലാണ് ആള്‍ ഇന്ത്യ റേഡിയോയില്‍ തൃശ്ശൂരില്‍ പ്രോഗ്രാം അനൗസര്‍ ആയി പത്മരാജൻ ജോലിയില്‍ പ്രവേശിക്കുന്നത്. പിന്നീട് സിനിമയുടെ ലോകത്തേക്ക് വന്നു. 'ഒരിടത്തൊരു ഫയല്‍വാന്‍', 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍', 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'തൂവാനത്തുമ്പികള്‍', 'മൂന്നാം പക്കം', 'ഞാന്‍ ഗന്ധര്‍വ്വന്‍', എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എവർ ഗ്രീൻ സൂപ്പര്‍ ഹിറ്റുകളായി. മനുഷ്യന്റെ എല്ലാ വികാരങ്ങളേയും അദ്ദേഹത്തിന്റെ എഴുത്തില്‍ ആവാഹിച്ചെടുത്തു. മലയാള സാഹിത്യത്തില്‍ വലിയ സംഭാവനകള്‍ നല്‍കി.

ഭരതന്റേയും കെ ജി ജോർജ്ജിന്റെയുമൊക്കെയൊപ്പം മലയാള സിനിമയുടെ വളർച്ചയ്ക്ക് ഒരു സിനിമാ വിദ്യാലയം പത്മരാജൻ തുടങ്ങി. കലാസിനിമയേയും, വാണിജ്യ സിനിമയേയും ഒരു പോലെ പ്രോത്സാഹിപ്പിക്കാനുള്ളതായിരുന്നു ഇത്. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളിൽ ഭൂരിഭാഗവും സമാന്തര-വാണിജ്യ സിനിമകളായിരുന്നു. ലൈംഗികത അശ്ലീലം എന്നതിനപ്പുറം അതിനെ ഏറെ ഭംഗിയോടെയും വികാരപരമായും സമീപീച്ച് മലയാളികളുടെ കാഴ്ച്ചപ്പാടിനെ തന്നെ മാറ്റാൻ പത്മരാജൻ സിനിമകൾക്ക് കഴിഞ്ഞിട്ടുണ്ട്. 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു.

1972 ല്‍ 'നക്ഷത്രങ്ങളെ കാവല്‍' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 'വാടകയ്‌ക്കൊരു ഹൃദയം', 'ഇതാ ഇവിടെ വരെ', 'ശവവാഹനങ്ങളും തേടി', 'ഉദകപ്പോള', 'മഞ്ഞുകാലം നോറ്റ കുതിര', 'പ്രതിമയും രാജകുമാരിയും' എന്നിവയാണ് മലയാള സാഹിത്യത്തിലെ അദ്ദേഹത്തിന്റെ പേരുകേട്ട നോവലുകൾ. 1991 ജനുവരി 24 നായിരുന്നു മലയാള സിനിമയുടെ ഗന്ധർവ്വൻ വിട പറഞ്ഞത്.

'ഞാൻ ഗന്ധർവ്വൻ' എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിലുണ്ടായ ഹൃദയസ്തംഭനമായിരുന്നു മരണകാരണം. 46 വയസുമാത്രം പ്രായമുണ്ടായിരുന്ന പത്മരാജന്റെ അപ്രതീക്ഷിത മരണം അദ്ദേഹത്തെ സ്നേഹിച്ച ഒരോ മലയാളിക്കും ഞെട്ടലായിരുന്നു.

Story Highlights: Remembering Irreplaceable talented legend Padmarajan

Next Story