

നടി ദുർഗ കൃഷ്ണ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു സ്റ്റോറി ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രസവാനന്തരമുള്ള തന്റെ മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് നടി പോസ്റ്റിലൂടെ പറയുന്നത്. 'പുറമേ നിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസവ ശേഷം ഭർത്താവിനെ നഷ്ടമായതായി തോന്നുന്നുവെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ കുഞ്ഞിലേക്ക് മാത്രമായെന്നും ദുർഗ പറഞ്ഞു. താൻ സൃഷ്ടിച്ച ജീവനോട് വല്ലാത്ത ഇഷ്ടമാണെന്നും, പക്ഷേ ഇപ്പോൾ അനുഭവിക്കുന്ന ഏകാന്തത തന്നെ വിഷാദത്തിലാക്കുന്നുവെന്നും ദുർഗ പറഞ്ഞു.
'നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ ചേർത്തുപിടിക്കുന്നു, പക്ഷേ നിങ്ങളെ ആര് ചേർത്തുപിടിക്കുന്നു?" എന്ന കുറിപ്പോടെയാണ് ദുർഗ ഫേസ്ബുക്കിൽ തന്റെ പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് വിവരിച്ചത്. 'എനിക്ക് ഇത് ഉറക്കെ പറയേണ്ടതുണ്ട്, എന്റെ കുഞ്ഞിനോട് എനിക്ക് അമിതമായ സ്നേഹമാണ്. പക്ഷേ പുറമേ നിന്ന് നോക്കുന്നവർക്ക് മനസ്സിലാകാത്ത ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. ഈ സ്നേഹക്കൂടുതലിനിടയിൽ ഞാൻ ശ്വാസം മുട്ടുകയാണ്. സത്യം പറഞ്ഞാൽ, എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു 'കോ-പാരന്റിനെ' മാത്രം ലഭിച്ചതായും തോന്നുന്നു. ഗർഭകാലത്ത് എന്നെ നോക്കിയിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ. ഞാൻ അവിടെ അദൃശ്യയായി മാറി.

എന്റെ ശേഷിക്കുന്ന കരുത്ത് ഉപയോഗിച്ച് ഞാൻ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാൻ ആരുമില്ലാത്തതിനാൽ എന്റെ കൈകൾ വിറയ്ക്കുന്നു. എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാൻ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോൾ ഞാൻ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു,' ദുർഗ കൃഷ്ണ പറഞ്ഞു. റെഡിറ്റിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ദുർഗയുടെ ഈ കുറിപ്പ് ശ്രദ്ധ നേടുന്നുണ്ട്. നടിയുടെ ഈ തുറന്ന് പറച്ചിലിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.
ബോളിവുഡിലെയും മറ്റും നിരവധി താരങ്ങൾ പ്രസവ ശേഷം അനുഭവിച്ച പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.
അതേസമയം, 2021-ലായിരുന്നു ദുർഗയും അർജുനും വിവാഹിതരായത്. 2025-ലാണ് ഇവർക്ക് പെൺകുഞ്ഞ് പിറന്നത്. ഉടൽ, വിമാനം, പ്രേതം 2 , കുട്ടിമാമ തുടങ്ങി നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. 2024-ൽ പുറത്തിറങ്ങിയ 'തങ്കമണി'യിലാണ് ദുർഗ അവസാനമായി അഭിനയിച്ചത്. മോഹൻലാൽ നായകനാകുന്ന 'റാം' ആണ് ദുർഗയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.