NSS-SNDP ഐക്യത്തിന് പിന്നില്‍ സിപിഐഎം എന്ന ധ്വനി ഉണ്ടാക്കുന്നു, അതിന് തലവെച്ചുകൊടുക്കില്ല: എം വി ഗോവിന്ദന്‍

ഇസ്ലാമിക ലോകം വേണമെന്ന് പറയുന്നവരാണ് ജമാഅത്തെ ഇസ്ലാമി. കാക്കയുടെ നിറം കറുപ്പാണെന്നത് പോലെ ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാനം മതരാഷ്ട്രവാദമാണ്.

NSS-SNDP ഐക്യത്തിന് പിന്നില്‍ സിപിഐഎം എന്ന ധ്വനി ഉണ്ടാക്കുന്നു, അതിന് തലവെച്ചുകൊടുക്കില്ല: എം വി ഗോവിന്ദന്‍
dot image

കണ്ണൂര്‍: എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തിന് പിന്നില്‍ സിപിഐഎം എന്ന ധ്വനി ഉണ്ടാക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അതിന് സിപിഐഎം തലവച്ചു കൊടുക്കില്ല. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു പോകണമെന്നാണ് സിപിഐഎം നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഇസ്‌ലാമില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാനാകില്ലെന്ന ജമാ അത്തെ ഇസ്‌ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസ്താവനയോടും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇസ്‌ലാമിക ലോകം വേണമെന്ന് പറയുന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. കാക്കയുടെ നിറം കറുപ്പാണെന്നത് പോലെ ജമാ അത്തെ ഇസ്‌ലാമിയുടെ അടിസ്ഥാനം മതരാഷ്ട്രവാദമാണ്. പ്രസ്താവനയില്‍ ഇനി വി ഡി സതീശന്‍ ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഒരുപാട് മാറിയെന്നും മതരാഷ്ട്രവാദം ഇപ്പോഴില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

എംഎല്‍എ ദലീമ ജമാഅത്തെ ഇസ്‌ലാമി വേദിയില്‍ എത്തിയതില്‍, 'വേദി പങ്കിടുന്നതല്ല പ്രശ്‌നം. ജമാഅത്തെ ഇസ്‌ലാമിയുടെ വേദിയെന്ന് അവര്‍ക്കറിയുമായിരുന്നില്ല. അതിനെക്കുറിച്ച് അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെ'ന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തോട് 'ഇന്ത്യയില്‍ വര്‍ഗീയതയ്ക്ക് എതിരെ പൊരുതുന്ന ഒന്നാം നമ്പര്‍ പാര്‍ട്ടിയാണ് സിപിഐഎം. ഏറ്റവും ശക്തമായ വര്‍ഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും. അക്കാര്യത്തില്‍ വിത്യസ്തമായ എന്തെങ്കിലും നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ആ നിലപാടുകള്‍ ഒന്നും പാര്‍ട്ടി നിലപാടല്ല. അക്കാര്യം ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്', എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച കേന്ദ്ര മന്ത്രി രാംദാസ് അത്താവലെക്കെതിരെയും എം വി ഗോവിന്ദന്‍ രംഗത്തെത്തി. കേരളത്തിന് ഇനിയെന്തെങ്കിലും കേന്ദ്ര സഹായം വേണമെങ്കില്‍ പിണറായി വിജയനും പാര്‍ട്ടിയും എന്‍ഡിഎയുടെ ഭാഗമാവണമെന്ന് കേന്ദ്ര മന്ത്രി പരസ്യമായി പ്രസംഗിച്ചിരിക്കുന്നു. ജനാധിപത്യ സമൂഹത്തില്‍ ഭരണഘടനാവിരുദ്ധമായാണ് കേന്ദ്രമന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഫെഡറല്‍ സംവിധാനത്തിനെതിരെയാണ് പ്രസ്താവന. നിയോഫാസിസത്തിലേക്കുള്ള യാത്രയാണത്. എല്ലാ ഭരണഘടനാസ്ഥാപനങ്ങളെയും ആര്‍എസ്എസ് ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് ശ്രമം. രാംദാസ് അത്താവലെയ്ക്ക് കേരള രാഷ്ട്രീയത്തെക്കുറിച്ച് വേണ്ടത്ര ധാരണ ഇല്ല. ഓരോ ഇഞ്ച് പൊരുതിയാണ് ഇടതുപക്ഷ പ്രസ്ഥാനം വര്‍ഗീയ ശക്തിക്കെതിരെ പോരാടിയത്. അത് തുടരുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights: M V Govindan Reaction over ramdas athawale invitation to cm pinarayi vijayan to bjp

dot image
To advertise here,contact us
dot image