Top

ഐഎഫ്എഫ്‌കെ: ഭാവനയെ അതിഥിയായി ക്ഷണിച്ച സര്‍ക്കാരിന് അഭിനന്ദനങ്ങളെന്ന് ലിസി; 'നിറകയ്യടിയോടെ സ്വീകരിച്ചവര്‍ക്ക് ആദരവ്'

'ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നിയ അപൂർവ്വ നിമിഷങ്ങളിൽ ഒന്ന്'

19 March 2022 11:22 AM GMT
ഫിൽമി റിപ്പോർട്ടർ

ഐഎഫ്എഫ്‌കെ: ഭാവനയെ അതിഥിയായി ക്ഷണിച്ച സര്‍ക്കാരിന് അഭിനന്ദനങ്ങളെന്ന് ലിസി; നിറകയ്യടിയോടെ സ്വീകരിച്ചവര്‍ക്ക് ആദരവ്
X

രാജ്യാന്തര ചലച്ചിത്രമേളയിൽ ഭാവനയെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രശംസിച്ച് നടി ലിസി. ഒരു മലയാളി എന്നതിൽ ഏറെ അഭിമാനം തോന്നിയ അപൂർവ്വ നിമിഷങ്ങളിൽ ഒന്നായിരുന്നു ഇതെന്ന് ലിസി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് ലിസിയുടെ പ്രതികരണം.

'26-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഭാവനയെ അതിഥിയായി ക്ഷണിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. എഴുന്നേറ്റ് നിന്ന് നിറക്കയ്യടിയോടെ ഭാവനയെ സ്വീകരിച്ച എല്ലാവർക്കും ആദരവ്. ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നിയ അപൂർവ്വ നിമിഷങ്ങളിൽ ഒന്ന്' ലിസി പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്കെ ഉദ്ഘടന വേദിയിൽ ആരവം തീർത്തുകൊണ്ടായിരുന്നു പോരാട്ടതിന്റെ പെൺപ്രതീകമായ ഭാവന എത്തിയത്. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ഭാവന മുഖ്യാതിഥിയായത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ പോരാട്ടത്തിന്റെ പെൺപ്രതീകം എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്. ലൈംഗീക അതിക്രമം നേരിട്ട ശേഷം ഇതാദ്യമായാണ് ഭാവന സംസ്ഥാന പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്.

കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി.

ഇപ്പോൾ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്കും തിരിച്ചു വരവ് നടത്തുകയാണ്. ആദില്‍ മയ്മാനാഥ് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെനീഷ് അബ്ദുള്‍ ഖാദര്‍ ചിത്രം നിര്‍മ്മിക്കും. ഷറഫുദ്ദീനും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

story highlights: lissy appreciates the desicion to welcome bhavana as the chief guest on the iffk inagural ceremony

Next Story