

കൊച്ചി: കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ നയിക്കാന്‍ എഐസിസി പ്രസിഡന്റ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) സന്തോഷത്തോടെ സ്വാഗതം ചെയ്യുമെന്ന് ഐപിസി പരമാധ്യക്ഷന്‍ പാസ്റ്റര്‍ ഡോ. റ്റി വല്സന് എബ്രഹാം പ്രസ്താവിച്ചു.
കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയോടെ നല്കിയ വിധിയെഴുത്തിനെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും പാസ്റ്റര്‍ ഡോ.റ്റി. വല്സന് എബ്രഹാം പത്രപ്രസ്താവനയില്‍ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സര്‍ക്കാരിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും, പുതിയ ഭരണകൂടം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതാക്കളില്‍ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പെന്തക്കോസ്ത് ദൈവസഭ പിന്തുണയ്ക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും സഭയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഇക്കാര്യത്തില്‍, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് സഭയ്ക്ക് പ്രത്യേക ഔദ്യോഗിക നിലപാടോ മുന്‍ഗണനയോ ഇല്ലെന്ന് വ്യക്തമാക്കുന്നു. എല്ലാ ഭരണാധികാരികള്‍ക്കും സര്‍ക്കാരുകള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന വിശ്വാസമാണ് സഭക്കുള്ളതെന്നും അധികാരത്തിലുള്ളവരെ പ്രാര്‍ത്ഥനയില്‍ എപ്പോഴും ഓര്‍ക്കണം എന്ന തത്വമാണ് സഭ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നത് ആ രാഷ്ട്രീയ പാര്‍ട്ടിയുടെയും അതിന്റെ നേതൃത്വത്തിന്റെയും ആഭ്യന്തര കാര്യമാണ്. ഇന്ത്യന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും ഇന്ത്യ പെന്തക്കോസ്തു ദൈവസഭ സന്തോഷത്തോടെ സ്വാഗതം ചെയ്യും. സംസ്ഥാനത്ത് ജ്ഞാനപൂര്‍വ്വമായ ഭരണത്തിനും സമാധാനത്തിനും പുരോഗതിക്കുമായി സഭ തുടര്‍ന്നും പ്രാര്‍ത്ഥിക്കുമെന്നും ഡോ റ്റി. വല്സന് എബ്രഹാം പ്രസ്താവനയില്‍ അറിയിച്ചു.
Content Highlights: India Pentecostal Church of God says it will support the Chief Minister who announces the high command