

ക്രോണിക് ബാച്ച്ലർ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി ഭാവന. സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സത്യപ്രതാപൻ (എസ് പി) എന്ന നായക കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോൾ സന്ധ്യ എന്ന സഹോദരിയുടെ വേഷമായിരുന്നു ഭാവനയ്ക്ക്. സിനിമയുടെ ഇമോഷണൽ കോർ മമ്മൂട്ടിയും സഹോദരിയും തമ്മിലുള്ള സ്‌നേഹനിർഭരമായ ബന്ധമായിരുന്നു.
മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ പേടി തനിക്ക് ഉണ്ടായിരുന്നെന്ന് ഓർത്തെടുക്കയാണ് ഭാവന. അനോമി എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേളി മാണിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഭാവനhttps://youtu.be/AA_aZ9bP9gU ക്രോണിക് ബാച്ചിലർ സമയത്തെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ചത്. സെറ്റിൽ വെച്ച് മമ്മൂട്ടിയെ എപ്പോൾ കണ്ടാലും ബഹുമാനത്തോടെ എണീറ്റ് നിൽക്കുമായിരുന്നു എന്നും പിന്നീട് അദ്ദേഹം തന്നോട് അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞുവെന്നും ഭാവന പറഞ്ഞു.
'ക്രോണിക് ബാച്ച്‌ലർ ചെയ്യുന്ന സമയമായിരുന്നു. മമ്മൂക്ക എന്റെ മുന്നിലൂടെ എപ്പോൾ പോയാലും ഞാൻ എണീറ്റ് നിൽക്കുമായിരുന്നു. അദ്ദേഹത്തിനൊപ്പം ഞാൻ ആദ്യമായി അഭിനയിക്കുകയാണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. പേടിയുമാണ്. മമ്മൂക്ക അങ്ങോട്ട് പോയാലും ഇങ്ങോട്ട് പോയാലും എണീറ്റ് നിൽക്കും.

മമ്മൂക്ക അപ്പുറത്ത് ഫോണിൽ നോക്കി ചുമ്മാ ഇരിക്കുകയാണെങ്കിലും അദ്ദേഹത്തെ കണ്ടാൽ ഞാൻ എണീറ്റ് നിൽക്കും. ഇത് കണ്ടപ്പോൾ 'നീ എന്തിനാ എന്നെ കാണുമ്പോഴൊക്കെ ഇങ്ങനെ എണീറ്റ് നിൽക്കുന്നേ' എന്ന് അദ്ദേഹം ചോദിച്ചു. 'കാണുമ്പോൾ എണീറ്റൊന്നും നിൽക്കണ്ട, നീ അവിടെ ഇരുന്നോ' എന്ന് പറഞ്ഞു. അതോടു കൂടി ഞാൻ കംഫർട്ടിബിളായി. ടൂ മച്ച് കംഫർട്ടബിളായി എന്ന് പറയാം,' ഭാവന പറയുന്നു.
അതേസമയം, ഭാവന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനോമി ഫെബ്രുവരി ആറിനാണ് തിയേറ്ററുകളിൽ എത്തുന്നത്. സാറ ഫിലിപ്പ് എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ടി സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.
Content Highlights: Bhavana shares a funny experience with Mammootty on Chronic Bachelor movie set