

സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച അഭിനേത്രിയാണ് കൽപന. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുന്ന ഒട്ടനവധി വേഷങ്ങൾ കൽപന മലയാളികൾക്കായി ഒരുക്കിനല്‍കിയിട്ടുണ്ട്. 2016 ജനുവരി 25ന് ലോകത്തോട് വിട പറഞ്ഞ കൽപനയുടെ ഓർമകളിലാണ് ഇന്ന് സിനിമാലോകം.
കൽപനയെ കുറിച്ചുള്ള ഓർമക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. അത്ഭുതദ്വീപ്, ആകാശഗംഗ, വെള്ളിനക്ഷത്രം തുടങ്ങി വിനയൻ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിൽ കൽപന ഭാഗമായിരുന്നു. ചിരിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു ഇവയിൽ ഭൂരിഭാഗവും. ചിരികൾക്കും അപ്പുറത്തേക്ക് നിലപാടുള്ള വ്യക്തിത്വം കൽപനയ്ക്ക് ഉണ്ടായിരുന്നു എന്നാണ് വിനയൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
പൃഥ്വിരാജിനെതിരെ അമ്മ സംഘടന വിലക്കേർപ്പെടുത്തിയ സമയത്ത് അത്ഭുതദ്വീപ് എന്ന ചിത്രം എടുത്തതും അതിൽ അഭിനയിക്കാൻ മറ്റ് അഭിനേതാക്കൾ തയ്യാറാകാതെ ഇരുന്നതിനെ കുറിച്ചുമാണ് വിനയൻ പറയുന്നത്. പക്രു ആണ് നായകൻ എന്നാണല്ലോ വിനയേട്ടൻ പറഞ്ഞത് എന്ന് പറഞ്ഞ് കൽപന നിറഞ്ഞ ചിരിയോടെ ചിത്രത്തിൽ അഭിനയിക്കാനുള്ള എഗ്രിമെന്റിൽ ഒപ്പുവെച്ചു എന്നാണ് അദ്ദേഹം ഓർക്കുന്നത്. നടൻ ജഗതി ശ്രീകുമാറും ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായെന്നും വിനയൻ ഓർക്കുന്നു. പൃഥ്വിരാജിനോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന ധാരണ കൽപനയ്ക്ക് ഉണ്ടായിരുന്നു എന്നും അതായിരുന്നു കൽപന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കൽപന വിടപറഞ്ഞിട്ട് പത്തു വർഷം. കാലം എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. ചിരിക്കുന്ന മുഖത്തേടെ മാത്രം കണ്ടിരുന്ന കൽപ്പനയെ മറക്കാൻ കഴില്ല.അത്ഭുത ദ്വീപും, ആകാരഗംഗയും, വെള്ളി നക്ഷത്രവും പോലുള്ള എന്റെ നിരവധി സിനിമകളിൽ കൽപ്പനയുടെ കഥാപാത്രങ്ങൾ ചിരിയുടെ പൂരം തീർത്തിരുന്നു. ഈ ചിരിക്കുന്ന മുഖത്തിനപ്പുറം നിലപാടുള്ള ഒരു വ്യക്തിത്വം കൽപ്പനക്കുണ്ടായിരുന്നു എന്ന കാര്യം ഞാനിവിടെ ഓർക്കുകയാണ്.
പൃഥ്വിരാജിന് അമ്മ സംഘടന വിലക്ക് ഏർപ്പെടുത്തിയ സമയത്തായിരുന്നു 'അത്ഭുതദ്വീപ്' പ്ലാൻ ചെയ്യുന്നത്. ആ നടനോടൊപ്പം അഭനയിക്കാൻ പറ്റില്ലന്ന് പറഞ്ഞ് മറ്റു താരങ്ങൾ എഗ്രിമെന്റ് ഒപ്പിടാൻ മടിച്ച സമയത്ത് പക്രുവാണ് നായകൻ എന്നല്ലേ വിനയേട്ടൻ പറഞ്ഞത്, നമുക്കതല്ലെ അറിയു…. അതുകൊണ്ട് ഞാൻ ഒപ്പിട്ടു കൊടുത്തു എന്ന് ചിരിച്ചു കൊണ്ട് അമ്പിളിച്ചേട്ടനോട് (ജഗതി ശ്രീകുമാർ) പറഞ്ഞ കൽപനയുടെ മുഖം ഞാനിന്നും ഓർക്കുന്നു. ചിരിച്ചുകൊണ്ടുതന്നെ അമ്പിളിചേട്ടനും ഒപ്പിട്ടു. ആ വിലക്ക് പൊളിയുകേം ചെയ്തു. പൃഥ്വിയോട് സംഘടന ചെയ്യുന്നത് നീതിയല്ല എന്ന വ്യക്തമായ ധാരണ കൽപനക്ക് അന്നുണ്ടായിരുന്നു. അതായിരുന്നു കൽപന.
1977 ൽ ബാലതാരമായാണ് കൽപന സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. സഹോദരിമാരായ ഉർവശിയെയും കലാരഞ്ജിനിയെയും പോലെ തമാശയും ഇമോഷണൽ രംഗങ്ങളുമെല്ലാം ഒരുപോലെ വഴങ്ങുന്ന താരമായി കൽപന വളർന്നു. കോമഡി വേഷങ്ങളാണ് ഏറെയും കരിയറിൽ വന്നതെങ്കിലും വ്യത്യസ്തമായ വേഷങ്ങളിൽ തിളങ്ങാനാകുമെന്ന് ചുരുങ്ങിയ നാളുകൾകൊണ്ട് തന്നെ കൽപന തെളിയിച്ചിരുന്നു. കൽപനയിലെ നടിയെ സിനിമാലോകം കൂടുതൽ ഉപയോഗിക്കേണ്ടതായിരുന്നു എന്ന് അവരുടെ മരണശേഷം പ്രേക്ഷകരും സഹഅഭിനേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Director Vinayan remembers actress Kalpana on her 10th death anniversary, share memories about AMMA ban towards actor Prithviraj during Albuthadweep movie