പാചകത്തെ കുറിച്ചുള്ള തർക്കം; യുപിയിൽ ഭർത്താവിന്റെ നാവ് കടിച്ചെടുത്ത് യുവതി

മോദിനഗർ പൊലീസ് സ്റ്റേഷന് പരിധിയിലെ സഞ്ജയ്പുരിയിലാണ് സംഭവം

പാചകത്തെ കുറിച്ചുള്ള തർക്കം; യുപിയിൽ ഭർത്താവിന്റെ നാവ് കടിച്ചെടുത്ത് യുവതി
dot image

യുപിയിലെ ഗാസിയാബാദിൽ വാക്കുതർക്കത്തിനിടയിൽ ഭർത്താവിന്റെ നാവ് കടിച്ചെടുത്ത് യുവതി. പാചകവുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലാണ് സംഭവം. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം പോലുമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റ 26കാരൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മോദിനഗർ പൊലീസ് സ്റ്റേഷന് പരിധിയിലെ സഞ്ജയ്പുരിയിലാണ് സംഭവം. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് സംഭവ സ്ഥലത്തെത്തിയതെന്ന് മോദിനഗർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ അമിത് സക്‌സേന പറയുന്നു. പുരുഷന്മാരും സ്ത്രീകളും അടങ്ങി രണ്ട് സംഘങ്ങൾ തമ്മിൽ വലിയ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നായിരുന്നു വിവരം. ഇതോടെ പ്രദേശത്ത് എത്തിയ പൊലീസ് ചിലരെ ചോദ്യംചെയ്യലിനായി സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.

വിപിൻ എന്ന യുവാവും ഭാര്യ ഇഷയും തമ്മിലുള്ള പ്രശ്‌നമാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. കഴിഞ്ഞ വർഷം മെയ് ആറിനായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ച വൈകുന്നേരത്തെ പാചകത്തിനെ കുറിച്ചുള്ള സംസാരമാണ് പിറ്റേദിവസം വലിയ പ്രശ്‌നമായത്. വാക്കേറ്റം പിന്നീട് ശാരീരികമായ ആക്രമണമായി മാറി. ഗുരുതരമായി പരിക്കേറ്റ വിപിനെ ആദ്യം ഗാസിയാബാദിലെ ആശുപത്രിയിലും പിന്നീട് മീററ്റിലെ സ്‌പെഷ്യൽ മെഡിക്കൽ ഫെസിലിറ്റിയിലേക്കും മാറ്റി. രാത്രിയുണ്ടായ വാക്കുതർക്കത്തെ കുറിച്ച് മനസിലാക്കിയ ഇഷയുടെ കുടുംബം പിറ്റേന്ന് വിപിന്റെ വീട്ടിലെത്തി. പിന്നീട് ഇരുകുടുംബങ്ങളും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തുകയാണ് ഉണ്ടായത്.

പാചകത്തെ കുറിച്ചുള്ള പ്രശ്‌നമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിവാഹജീവിതത്തിൽ ഇരുവരും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം സംഘർഷമുണ്ടായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: In a shocking incident, a woman allegedly bit off her husband’s tongue during a heated argument over cooking.

dot image
To advertise here,contact us
dot image