

ശരീര സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ് ഇന്നത്തെ തലമുറ. സിനിമാതാരങ്ങള്‍ കഥാപാത്രങ്ങള്‍ക്കായും അല്ലാതെയും ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തുന്നത് പലര്‍ക്കും പ്രചോദനം ആകാറുണ്ട്. ഇപ്പോഴിതാ ഈ നിരയിലേക്ക് അജു വര്‍ഗീസും കടന്നുവന്നിരിക്കുകയാണ്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം അജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഈ ചിത്രങ്ങള്‍ക്കൊപ്പം അജു നല്‍കിയിട്ടുള്ള ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരാണ് എന്റെ ഹീറോസ് എന്നാണ് മൂവരെയും ടാഗ് ചെയ്തുകൊണ്ട് അജു കുറിച്ചത്.

മലയാള സിനിമയില്‍ ശരീര സംരക്ഷണത്തിലും ജിം വര്‍ക്കൗട്ടിലും ഏറെ ഏറെ ശ്രദ്ധ നല്‍കുന്ന നടന്മാരാണ് പൃഥ്വിയും ഉണ്ണി മുകുന്ദനും ടൊവിനോയും. ഇവരുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്. പ്രേക്ഷകരില്‍ പലരും ഇവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മികച്ച ആരോഗ്യ സംരക്ഷണത്തിനായി മുന്നിട്ട് ഇറങ്ങാറുമുണ്ട്. ഇപ്പോള്‍ ഇക്കൂട്ടത്തിലേക്ക് അജു വര്‍ഗീസും എത്തിച്ചേര്‍ന്നിരിക്കുകയാണ്.

അജു വര്‍ഗീസ് വര്‍ക്കൗട്ട് ചെയ്യാന്‍ തുടങ്ങിയതിനെയും പൃഥ്വി, ഉണ്ണി മുകുന്ദന്‍, ടൊവിനോ എന്നിവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതിനെ അഭിനന്ദിച്ചും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. അഭിനയിച്ച സര്‍വ്വം മായ വലിയ വിജയമായതുപോലെ പുതിയ വര്‍ഷത്തില്‍ തുടങ്ങിയ വര്‍ക്കൗട്ടിലും വിജയിക്കാനാകട്ടെ എന്നാണ് മറ്റ് ചിലരുടെ കമന്റുകള്‍.

ശരീര സംരക്ഷണവുമായി ബന്ധപ്പെട്ട വിനീത് ശ്രീനിവാസന്‍ തന്നോടും നിവിനോടും പറയാറുള്ളതിനെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ അജു പറഞ്ഞിരുന്നു. ഏത് കഥാപാത്രവും ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ശരീരത്തെ ഫ്‌ളെക്‌സിബിളായി സൂക്ഷിക്കണമെന്നാണ് വിനീത് നല്‍കിയിരുന്ന നിര്‍ദേശം എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്. തടി വല്ലാതെ കൂടിയാല്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രത്തില്‍ ശ്രദ്ധ കൊടുക്കാനാകാതെ വയര്‍ ചാടിയത് കാണുമോ തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാന്‍ സാധ്യതയുണ്ടെന്ന് വിനീത് പറയാറുണ്ടെന്നും അജു വര്‍ഗീസ് പറഞ്ഞിരുന്നു. വര്‍ക്കൗട്ട് ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇതും ആളുകള്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

അതേസമയം, സര്‍വ്വം മായയിലെ അജു വര്‍ഗീസിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. നിവിന്‍-അജു കോംബോയെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. അടുത്തിടെ പുറത്തുവന്ന അജുവിന്റെ മൊട്ടയടിച്ച ലുക്കും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. കാര്‍ട്ടൂണ്‍ കഥാപാത്രമായ ജമ്പന്‍ ലൈവ് ആക്ഷന്‍ ചെയ്യാന്‍ പറ്റിയ ആളാണെന്ന് മനോജ് കെ ജയന്റെ വാസു അണ്ണന്‍ കഥാപാത്രത്തെ ഓര്‍മ വരുന്നു എന്നുമെല്ലാം കമന്റുകളുണ്ടായിരുന്നു.
Content Highlights: Aju Varghese shares Gym workout pics and calls Prithviraj,Unni Mukundan and Tovino as his heros