

വിജയ് ചിത്രം ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടു നിരവധി വിവാദങ്ങൾ ആണ് അരങ്ങേറുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം നേരത്തെ ജനുവരി 9 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ സെൻസർ അനുമതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ. ഇതിനിടെ സെൻസർ ബോർഡ് നടപടികളിൽ പ്രതിഷേധിച്ച് രംഗത്തെത്തുകയാണ് നടനും രാജ്യസഭാ എം പി കൂടിയായ കമൽ ഹാസൻ. സെൻസർ ബോർഡ് നിർദേശിക്കുന്ന ഓരോ കട്ടിനും വ്യക്തമായ കാരണം നിർദേശിക്കണമെന്നും കമൽ ഹാസൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം സുതാര്യമല്ലാത്ത നടപടികളിലൂടെ ഹനിക്കപ്പെടരുതെന്നും ഒരു സിനിമയുടെ റിലീസ് തടയുന്നത് ആ ചിത്രത്തെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആയിരക്കണക്കിന് തൊഴിലാളികളുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവിതോപാധിയായ സിനിമ, വ്യക്തമായ കാരണങ്ങളില്ലാതെ തടഞ്ഞുവെക്കുന്നത് സാമ്പത്തിക തകർച്ചയ്ക്കും പൊതുജനവിശ്വാസം തകരാനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'കലയ്ക്ക് വേണ്ടി, കലാകാരന്മാർക്ക് വേണ്ടി, ഭരണഘടനയ്ക്ക് വേണ്ടി
ഇന്ത്യൻ ഭരണഘടന ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. അത് യുക്തിസഹമായിരിക്കണം, ഒരിക്കലും സുതാര്യമല്ലാത്ത നടപടികളാൽ അത് ഹനിക്കപ്പെടരുത്. ഈ നിമിഷം ഏതെങ്കിലും ഒരു സിനിമയേക്കാൾ വലുതാണ്; ഒരു ഭരണഘടനാ ജനാധിപത്യത്തിൽ കലയ്ക്കും കലാകാരന്മാർക്കും നമ്മൾ നൽകുന്ന സ്ഥാനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. സിനിമ എന്നത് ഒരാളുടെ മാത്രം അധ്വാനമല്ല; മറിച്ച് എഴുത്തുകാർ, സാങ്കേതിക പ്രവർത്തകർ, അഭിനേതാക്കൾ, പ്രദർശകർ, ചെറുകിട സംരംഭകർ എന്നിവരടങ്ങുന്ന ഒരു വലിയ വ്യവസ്ഥിതിയുടെ കൂട്ടായ പരിശ്രമമാണ്. ഇവരുടെയെല്ലാം ഉപജീവനമാർഗം കൃത്യസമയത്ത് നടക്കുന്ന നീതിപൂർവമായ നടപടിക്രമങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
For Art, For Artists, For the Constitution pic.twitter.com/sOrlOOLFtv
— Kamal Haasan (@ikamalhaasan) January 10, 2026
വ്യക്തതയുടെ അഭാവം സർഗ്ഗാത്മകതയെ തളർത്തുകയും, സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും, പൊതുജനവിശ്വാസം ദുർബലപ്പെടുത്തുകയും ചെയ്യുന്നു. തമിഴ്‌നാട്ടിലെയും ഇന്ത്യയിലെയും സിനിമാ പ്രേമികൾ കലയോട് തികഞ്ഞ അഭിനിവേശവും പക്വതയും പുലർത്തുന്നവരാണ്; അവർ അർഹിക്കുന്നത് സുതാര്യതയും ബഹുമാനവുമാണ്. സിനിമകളുടെ സെർട്ടിഫിക്കേഷൻ പ്രക്രിയയിൽ തത്വാധിഷ്ഠിതമായ ഒരു പുനർചിന്തനമാണ് ഇപ്പോൾ ആവശ്യം. ഇതിനായി നിശ്ചിത സമയപരിധിയും, സുതാര്യമായ വിലയിരുത്തലും, ഓരോ കട്ടിനും എഡിറ്റിനും കൃത്യമായ ലിഖിത വിശദീകരണവും ആവശ്യമാണ്.
ചലച്ചിത്ര മേഖല ഒന്നടങ്കം ഒരുമിച്ച് നിൽക്കേണ്ട നിമിഷമാണിത്. ഗവൺമെന്റ് സ്ഥാപനങ്ങളുമായി അർത്ഥവത്തായതും ക്രിയാത്മകവുമായ സംവാദങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. ഇത്തരം പരിഷ്കാരങ്ങൾ സർഗാത്മക സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും. കൂടാതെ, കലാകാരന്മാരിലും ജനങ്ങളിലും വിശ്വാസമർപ്പിച്ചുകൊണ്ട് ഇന്ത്യയുടെ ജനാധിപത്യ സ്ഥാപനങ്ങളെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും,' കമൽ ഹാസൻ പറഞ്ഞു.
Content Highlights: Amid the controversy surrounding the film Jananayak, actor and Rajya Sabha MP Kamal Haasan has demanded major changes in the procedures of the Censor Board. He stated that the existing system requires reform to ensure fairness and transparency in film certification.