

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്യുടെ അവസാന ചിത്രം തിയേറ്ററിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ജനനായകൻ കാണാൻ കാത്തിരിക്കുന്നവർ ഏറെയാണ്. ഇപ്പോഴിതാ ജനനായകനിലെ ആദ്യത്തെ ഗാനമായ ദളപതി കച്ചേരിക്ക് ചുവടുവെക്കുന്ന അജു വർഗീസിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
'സാറിന്റെ സിനിമകൾ മിസ്സ് ചെയ്യും #ദളപതി' എന്ന ക്യാപ്ഷനോടെയാണ് അജു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് അജുവിന്റെ ഈ ഡാൻസ് വീഡിയോ വൈറലായത്. വീഡിയോയ്ക്ക് താഴെ കമന്റുമായി നിരവധി പേരെത്തി. 'നീ മരണമാസ്സ് ആടാ വേറെ ലെവലാ നീ' എന്ന ഒരു വടക്കൻ സെൽഫിയിലെ ഡയലോഗ് ആണ് നിവിൻ പോളി കമന്റിൽ കുറിച്ചത്. '2025 അവസാനം ബോക്സ് ഓഫീസ് നിവിൻ തൂകി ഇപ്പൊ ഇൻസ്റ്റയിൽ നിങ്ങളും തൂക്കി' എന്നാണ് മറ്റൊരു കമന്റ്. കേരള ക്രൈം ഫയൽസ് സീസൺ 3 യിൽ അജുവിന്റെ കഥാപാത്രം മനോജിന് ഒരു പ്രൊമോ സോങ് ഉറപ്പ് എന്നാണ് സീരിസിന്റെ സംവിധായകൻ അഹമ്മദ് കബീറിന്റെ കമന്റ്.
അതേസമയം, ഡിസംബർ 31 ന് രാത്രി 11.59 മുതൽ ജനനായകന്റെ കേരള ബുക്കിംഗ് ആരംഭിക്കും. അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ റെക്കോർഡുകൾ ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. ആദ്യ ദിനം വലിയ കളക്ഷൻ തന്നെ സിനിമ നേടുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ. ജനനായകന്റെ കേരളത്തിലെ ആദ്യ ഷോ ജനുവരി 9ന് രാവിലെ ആറ് മണിക്ക് ആകുമെന്ന് അറിയിച്ചിരിക്കുകയാണ് വിതരണക്കാർ. നാല് മണിക്ക് ഷോ നടത്താൻ ശ്രമിച്ചെന്നും എന്നാൽ തമിഴ്നാട്ടിൽ അനുമതി ലഭിച്ചില്ലെന്നും എസ്എസ്ആർ എന്റർടെയ്ൻമെന്റ് അറിയിച്ചു.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെന്ന് പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഓഡിയോ ലോഞ്ചിൽ വെച്ച് ഈ പ്രചാരണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വിനോദ് അറിയിച്ചു. സിനിമ 100 ശതമാനം ഒരു ദളപതി ചിത്രമായിരിക്കും എന്നാണ് വിനോദ് അറിയിച്ചത്. ജനനായകന്റെ പോസ്റ്ററുകളും പാട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചില പോസ്റ്ററുകൾ ശ്രദ്ധ നേടിയെങ്കിലും പാട്ടുകൾ വേണ്ടത്ര ശ്രദ്ധ നേടിയില്ല എന്നാണ് വിലയിരുത്തലുകൾ. സിനിമ പുറത്തിറങ്ങുന്നതോടെ ഇവയെല്ലാം വീണ്ടും ട്രെൻഡാകുമെന്നാണ് വിജയ് ആരാധകരുടെ പക്ഷം.
Content Highlights: Aju Varghese dance for Thalapathy kacheri goes viral