

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. തിയേറ്ററിലെത്തതാണ് മണിക്കൂറുകൾ മാത്രം ശേഷിക്കെ കളങ്കാവലിന്റെ വേൾഡ് വൈഡ് പ്രീ സെയിൽ കളക്ഷൻ പുറത്തുവരികയാണ്. റിപ്പോർട്ടുകൾ പ്രകാരം മോഹൻലാൽ ചിത്രം തുടരുമിന്റെ അഡ്വാൻസ് കളക്ഷൻ കളങ്കാവൽ മറികടന്നിട്ടുണ്ട്. നിലവിൽ രണ്ടാം സ്ഥാനത്താണ് മമ്മൂട്ടിയുടെ കളങ്കാവൽ.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം 4 കോടിയ്ക്ക് അടുത്ത് പ്രീ സെയിലിൽ കളങ്കാവൽ സ്വന്തമാക്കിയിട്ടുണ്ട്. 3.8 കോടി ആണെന്ന് റിപ്പോർട്ടുകളിൽ പറയുന്നത്. 3.74 കോടിയാണ് തുടരുമിന്റെ പ്രീ സെയിൽ. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ തുടരും മൂന്നാം സ്ഥാനത്താണ് ഇപ്പോൾ. ഒന്നാമത് മോഹൻലാൽ ചിത്രം എമ്പുരാൻ ആണ്. ജിസിസിയിൽ ഏറ്റവും കൂടുതലിടങ്ങളിൽ റിലീസ് ചെയ്യ്ത ചിത്രവും എമ്പുരാൻ ആയിരുന്നു.
എന്നാൽ ഈ റെക്കോർഡും കളങ്കാവൽ തിരുത്തിയെന്നാണ് റിപ്പോർട്ടുകൾ. 145 ആണ് കളങ്കാവലിന്റെ ജിസിസി സെന്ററുകൾ. യുഎഎ-62, സൗദി അറേബ്യ-35, ഖത്തർ, ഒമാൻ-16 വീതം, ബഹ്റൈൻ-12, കുവൈറ്റ്-4 എന്നിങ്ങനെയാണ് കണക്കുകൾ. സമദ് ട്രൂത്തിന്റെ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രം ജിസിസിയിൽ വിതരം ചെയ്യുന്നത്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സ്പോട്ടിഫൈ പ്ലാറ്റ്ഫോമിലൂടെ ഓഡിയോ ജൂക്ബോക്സ് ആയി പുറത്തു വന്നിരുന്നു. മുജീബ് മജീദ് സംഗീതം ഗാനങ്ങൾക്ക് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിലെ റെട്രോ തമിഴ് ശൈലിയിൽ ഒരുക്കിയ ഗാനങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുമുണ്ട്. ക്രൈം ഡ്രാമ ത്രില്ലർ ആയൊരുക്കിയ ചിത്രത്തിന്റെ കഥ പശ്‌ചാത്തലവുമായി ഏറെ ബന്ധപെട്ടു കിടക്കുന്ന രീതിയിലാണ് ഈ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, ട്രെയ്‌ലർ എന്നിവയെല്ലാം വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്.
എട്ട് മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആകാംഷയോടെയും ആവേശത്തോടെയുമാണ് മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന.
Content Highlights: Kalamkaval surpasses thudarum in pre-sale