

ബോളിവുഡ് ആക്ഷന്‍ സിനിമകളുടെ ചരിത്രം മാറ്റിയെഴുതിയ ചിത്രമാണ് കില്‍. നിഖില്‍ നാഗേഷ് ഭട്ട് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ലക്ഷ്യ, തന്യ, രാഘവ്, അഭിഷേക് ചൌഹാന്‍ ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് വേഷമിട്ടത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച വയലന്‍സ് ആക്ഷന്‍ ത്രില്ലറെന്നാണ് പലരും കില്ലിനെ വിശേഷിപ്പിച്ചത്. 2023 ൽ സൂപ്പർ ഹിറ്റായി മാറിയ കില്ലിന്റെ തമിഴ് റീമേക്കിൽ ധ്രുവ് നായകനായി എത്തുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ ഓഫർ ധ്രുവ് ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ധ്രുവ് വിക്രമിന്റെ കരിയറില്‍ ഇതുവരെ ചെയ്ത നാല് സിനിമകളില്‍ രണ്ടെണ്ണം റീമേക്കായിരുന്നു. ഇനിയും റീമേക്കുകളുടെ ഭാഗമാകാന്‍ താല്പര്യമില്ലെന്ന് ബൈസൺ സിനിമയുടെ പ്രൊമോഷനിടെ ധ്രുവ് വ്യക്തമാക്കിയിരുന്നു. തുടർച്ചയായി റീമേക്ക് സിനിമകൾ ചെയ്യുന്നതിൽ ഇന്ന് മാറി നിൽക്കാൻ സംവിധായകൻ മാരി സെൽവരാജ് ധ്രുവിനെ ഉപദേശിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ജനപ്രീതി കുറയുമെന്നത് കാരണമാക്കിയാണ് ധ്രുവ് ഈ ഓഫർ നിരസിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


അതേസമയം, ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെൽവരാജ് ഒരുക്കിയ സ്പോർട്സ് ഡ്രാമ ചിത്രമായ ബൈസൺ മികച്ച പ്രതികരണമാണ് തിയേറ്ററിൽ നേടിയത്. സിനിമ ഇപ്പോൾ ഒടിടിയിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക്കാണ് ധ്രുവ് നായകനാകുന്ന ബൈസണ്‍. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. സിനിമയിലെ ധ്രുവ് വിക്രമിന്റെ പ്രകടനത്തിന് മികച്ച കയ്യടിയാണ് ലഭിച്ചിരുന്നത്.
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും സിനിമയിൽ അണിനിരക്കുന്നു. ചിത്രത്തിന് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്.
Content Highlights: Dhruv Vikram reportedly backed out of Kill remake