

കഴിഞ്ഞ സീസണിലെ ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഇത്തവണയും ആവർത്തിക്കുകയാണ് മലയാളി താരം കരുണ്‍ നായര്‍. ഇപ്പോഴിതാ ഗോവയ്ക്കെതിരായ രഞ്ജി പോരാട്ടത്തിൽ സെഞ്ച്വറി നേടിയതിനു പിന്നാലെ താരം ഇന്ത്യൻ സെലക്ഷൻ കമ്മിറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
'തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കാതെ പോയത് നിരാശപ്പെടുത്തുന്നതാണ്. ഒരു പരമ്പര മാത്രം നോക്കിയല്ല വിലയിരുത്തേണ്ടത്. ഞാന്‍ അതില്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ മറ്റ് അഭിപ്രായങ്ങള്‍ പറയാന്‍ ഞാന്‍ ഒരുക്കമല്ല. ഞാന്‍ എന്റെ കര്‍മം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. ടീമില്‍ തിരിച്ചെത്തുകയെന്ന സ്വപ്‌നവും ഉപേക്ഷിക്കുന്നില്ല.'
ആഭ്യന്തര ക്രിക്കറ്റില്‍ രണ്ട് മൂന്ന് സീസണായി സ്ഥിരത പുലര്‍ത്തുന്ന താരമാണ് കരുണ്‍. ഇത്തവണയും താരം മിന്നും ഫോമിലാണ്. ഗോവയ്‌ക്കെതിരായ രഞ്ജി പോരാട്ടത്തില്‍ കര്‍ണാടയ്ക്കായി താരം കിടിലന്‍ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. 174 റണ്‍സാണ് ഗോവയ്‌ക്കെതിരെ കണ്ടെത്തിയത്.
നീണ്ട ഇടവേളയ്ക്കു ശേഷം ഈയടുത്ത് നടന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് കരുണിനെ തിരികെ വിളിച്ചിരുന്നു. 8 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിനു 205 റണ്‍സ് മാത്രമാണ് നേടാനായത്. ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ് പരമ്പരയില്‍ താരം കണ്ടെത്തിയത്.
പിന്നാലെ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിച്ചിരുന്നില്ല. വിൻഡീസിനെതിരായ പരമ്പരയിലേക്ക് മാത്രമല്ല ഓസ്ട്രേലിയൻ എ ടീമിനെതിരായ ചതുർദിന ടെസ്റ്റിലേക്കടക്കം താരത്തെ പരിഗണിക്കാൻ സെലക്ടർമാർ തയ്യാറായില്ല. കരുണിനു കിട്ടിയ അവസരം മുതലാക്കാനായില്ല എന്നായിരുന്നു അജിത് അഗാര്‍ക്കര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
Content Highlights-Karun Nair breaks silence; slams chief selector Ajit Agarkar