
സിനിമാപ്രേമികളാകെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് നടൻ സുര്യയുടേത്. അടുത്ത കാലത്തായി നടന്റേതായി പുറത്തിറങ്ങിയ സിനിമകൾ എല്ലാം വലിയ പരാജയങ്ങൾ ആയിരുന്നു നേരിട്ടത്. ഇപ്പോഴിതാ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുന്നതിനോടൊപ്പം തന്റെ പുതിയ നിർമാണ കമ്പനിയും ലോഞ്ച് ചെയ്യുകയാണ് നടൻ സൂര്യ.
'ഴകരം' എന്നാണ് സൂര്യയുടെ പുതിയ നിർമാണ കമ്പനിയുടെ പേര്. ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാകും ഈ നിർമാണകമ്പനിയിൽ ആദ്യം ഒരുങ്ങുന്ന സിനിമ എന്നാണ് റിപ്പോർട്ട്. ഇതുകൂടാതെ പാ രഞ്ജിത്തിനൊപ്പവും സൂര്യ ഒരു സിനിമ ചെയ്യാൻ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഈ സിനിമയും ഈ പുതിയ ബാനറിന്റെ നിർമാണത്തിലാകും വരുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ തന്റെ സ്വന്തമാ ബാനറായ 2D എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ആയിരുന്നു സൂര്യ സിനിമകൾ നിർമിച്ചുകൊണ്ടിരുന്നത്. ഇനി ഈ ബാനറിന് എന്ത് സംഭവിക്കുമെന്നാണ് സൂര്യ ആരാധകർ എക്സിലൂടെ ചോദിക്കുന്നത്.
അതേസമയം, കാർത്തിക് സുബ്ബരാജ് ചിത്രമായ റെട്രോ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൂര്യ ചിത്രം. ചിത്രം മെയ് ഒന്നിനായിരുന്നു തിയേറ്ററുകളിൽ എത്തിയിരുന്നത്. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍, നാസര്‍, പ്രകാശ് രാജ്, സുജിത്ത് ശങ്കര്‍, തരക് പൊന്നപ്പ, തമിഴ്, കൃഷ്‍ണകുമാര്‍ ബാലസുബ്രഹ്മണ്യൻ, പ്രേം കുമാര്‍ എന്നിവരും കഥാപാത്രങ്ങളായി എത്തിയിരുന്നു. ശ്രേയസ് കൃഷ്‍ണയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരുന്നത്. ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത് സന്തോഷ് നാരായണനാണ്.
#Suriya is to start a new production house named 'Zhagaram'..💥
— Filmy Fanatic (@FanaticFilmy) September 30, 2025
First film from the Production is to be #Suriya & #JithuMadhavan Project. Then, a Film with #PaRanjith also on talks..🤩 pic.twitter.com/lQgzRJH2c7
ഇനി പുറത്തിറങ്ങാനുള്ള ജിത്തു മാധവൻ-സൂര്യ ചിത്രം ഒരു പൊലീസ് ആക്ഷൻ ചിത്രമാണെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ നസ്രിയയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സുഷിൻ ശ്യാം ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് എന്നും സൂചനകളുണ്ട്. ഫഹദ് ഫാസിൽ ചിത്രമായ ആവേശം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജിത്തു മാധവൻ ചിത്രം.
Content Highlights: Suriya to start new production house says reports