
ദി ബക്കറ്റ് ലിസ്റ്റെന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലാകെ വലിയ ചര്‍ച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ്. 'ഗ്യാരറ്റ് ഗീ' എന്ന ട്രാവല്‍ ഇന്‍ഫ്ലുവന്‍സർ തന്റെ ഏഴ് വയസ് പ്രായമുള്ള മകനെ ഒരു പാറയുടെ മുകളില്‍ നിന്നും വെള്ളത്തിലേക്ക് എറിയുന്നതാണ് വീഡിയോ. വീണയുടന്‍ തന്നെ കുട്ടി വെള്ളത്തില്‍ നീന്താന്‍ തുടങ്ങുന്നതായും വീഡിയോയില്‍ കാണാം. പിന്നാലെ ഗ്യാരറ്റും വെള്ളത്തിലേക്ക് ചാടുന്നുണ്ട്.
2025 ജൂലൈയിലാണ് വീഡിയോ പുറത്തിറങ്ങിയത്. വീഡിയോയുടെ തുടക്കത്തില്‍ അല്പം ഭയത്തോടെ നില്ക്കുന്ന കുട്ടിയെ ആണ് കാണുന്നത്. തുടര്‍ന്ന് ഗ്യാരറ്റ് ഗ്യാരറ്റ് മകനോട് സംസാരിച്ച് അവനെ ധെെര്യം നല്കാന് ശ്രമിക്കുന്നത് കാണാം. തുടര്‍ന്നാണ് കുട്ടിയെ വെള്ളത്തിലേക്ക് എറിയുന്നത്. വെള്ളത്തില്‍ വീണയുടന്‍ ആത്മവിശ്വാസത്തോടെ കുട്ടി നീന്തി തുടങ്ങുന്നതും വീഡിയോയില്‍ ഉണ്ട്.
വീഡിയോക്ക് വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്തിനാണ് കുട്ടിയെ ഇങ്ങനെ നിര്‍ബന്ധിച്ച് നീന്താന്‍ പ്രേരിപ്പിക്കുന്നതെന്ന് ചിലര്‍ ചോദിക്കുന്നു. കുട്ടി ഒട്ടും തയ്യാറല്ലാത്ത സമയത്ത് എന്തിനാണ് വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞത് എന്നാണ് മറ്റ് ചിലരുടെ ചോദ്യം. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കുട്ടികളില്‍ ദീര്‍ഘകാല ആഘാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
പിന്നാലെ പീപ്പിള്‍സ് മാഗസിന് നല്കിയ അഭിമുഖത്തില്‍ ഗ്യാരറ്റ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി രംഗത്ത് വന്നു. 'നിങ്ങള്‍ എന്റെയും കുടുംബത്തിന്റെയും ഈ വീഡിയോ മാത്രം കണ്ടിട്ടാണ് കുറ്റപ്പെടുത്തുന്നതെങ്കില്‍ ഞാന്‍ നിങ്ങളുടെ എതിര്‍പ്പിനോട് യോജിക്കുന്നു. എന്നാല്‍ ഞങ്ങളുടെ യാത്രകളെ വളരെ കാലമായി പിന്തുടരുന്നവരാണ് നിങ്ങളെങ്കില്‍ മനസിലാകും ഞങ്ങള്‍ എത്രത്തോളം ശ്രദ്ധയോടെയും സ്നേഹത്തോടെയുമാണ് കുട്ടികളെ നോക്കുന്നതെന്ന്.
ആ കമന്റുകള്‍ കണ്ടപ്പോള്‍ എനിക്ക് ചെറിയ ഒരു വിഷമം തോന്നി. നിങ്ങളില്‍ എത്ര പേരുടെ മാതാപിതാക്കള്‍ ഇങ്ങനെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുവന്ന് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. മികച്ച ഒരു ജീവിതം നേടുന്നത് കംഫര്‍ട്ട് സോണിന് പുറത്താണ്. ഈ വീഡിയോകള്‍ കണ്ട് ഭയപ്പെടുന്ന അതേ ആളുകളെ തന്നെയാണ് ഇത്തരത്തിലുള്ള സാഹസിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഞാന്‍ പ്രചോദിപ്പിക്കുന്നത്,' ഗ്യാരറ്റ് പറയുന്നു.
കുട്ടികളുടെ സുരക്ഷ തന്നെയാണ് തങ്ങളുടെ മുന്‍ഗണനയെന്നും അതിനൊപ്പം തന്നെ കഠിനവും സാഹസികവുമായ കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രാപ്തരാക്കുക എന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദി ബക്കറ്റ് ലിസ്റ്റ് ഫാമിലിയെന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി സാഹസികമായ യാത്രാനുഭവങ്ങളും ജീവിതശൈലി ബ്ലോഗുകളുമാണ് ഗ്യാരറ്റ് ഗീ പങ്കുവെക്കുന്നത്. കുടുംബവുമൊത്ത് സ്രാവുകള്‍ക്കൊപ്പം നീന്തുന്നതിന്റെയും, ടാന്‍ഡം സ്കൂബാ ഡൈവിംഗിന്റെയും, ഇറ്റലിയിലെ സ്ലെഡിംഗിന്റെയുമെല്ലാം വീഡിയോകള്‍ വലിയ പ്രേക്ഷക പിന്തുണ നേടിയെടുത്തതാണ്.
Content Highlights- Influencer responds to criticism after video of 7-year-old son being dragged off cliff into water