മനം നിറഞ്ഞ് മധുരം നുണഞ്ഞ് മോഹന്‍ലാല്‍; അവാര്‍ഡ് പ്രഖ്യാപനം കേക്ക് മുറിച്ച് ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

മനം നിറഞ്ഞ് മധുരം നുണഞ്ഞ് മോഹന്‍ലാല്‍; അവാര്‍ഡ് പ്രഖ്യാപനം കേക്ക് മുറിച്ച് ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും
dot image

ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നിറവിലാണ് മോഹന്‍ലാല്‍. അവാര്‍ഡ് പ്രഖ്യാപനത്തില്‍ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് നടന്‍ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ജീവിതപങ്കാളിയായ സുചിത്രയ്‌ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രം മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാലിന് ഇനിയും ഒട്ടേറെ അവാര്‍ഡുകള്‍ നേടാനാകട്ടെ എന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്. ഇത് തനിക്ക് മാത്രമുള്ള പുരസ്‌കാരമല്ലെന്നും, മലയാള സിനിമയക്കും തന്നോടൊപ്പം സഞ്ചരിച്ച എല്ലാവര്‍ക്കമുള്ള അംഗീകാരമാണെന്നുമാണ് റിപ്പോര്‍ട്ടറിന് നല്‍കിയ പ്രത്യേക പ്രതികരണത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്.

'അവാര്‍ഡ് ലഭിച്ചതില്‍ വളരെ സന്തോഷം. ഒരുപാട് സന്തോഷം… സ്വപ്നത്തിനും അവാര്‍ഡിനും അപ്പുറം രാജ്യം നല്‍കുന്ന വലിയ ബഹുമതിയാണിത്. ഞാനൊരിക്കല്‍ പോലും ചിന്തിക്കാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ എന്താണ് പറയേണ്ടത് എന്നറിയില്ല. ഈ അവാര്‍ഡിലേക്ക് എന്നെ പരിഗണിച്ച ജൂറിയോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും നന്ദി പറയുന്നു.

ഈ അവാര്‍ഡ് എന്റേതല്ല, എന്നെ ഞാനാക്കിയ മാറ്റിയ സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും

സഹപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമെല്ലാമുള്ള പുരസ്‌കാരമാണിത്. എന്റെ മാതാപിതാക്കളോടും കുടുംബത്തോടും ഞാന്‍ നന്ദി പറയുന്നു. അതിനെല്ലാമുപരി മലയാള സിനിമയ്ക്ക് ലഭിച്ച പരമോന്നത അംഗീകാരമായി സവിനയം ഞാന്‍ ഈ ബഹുമതി ഏറ്റുവാങ്ങുകയാണ്,' മോഹന്‍ലാല്‍ പറഞ്ഞു.

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാ സാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്. സിനിമാ-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ നിരവധി പേര്‍ മോഹന്‍ലാലിനെ അഭിനന്ദിച്ചും ആശംസകളറിയിച്ചും രംഗത്തു വരുന്നുണ്ട്.

Content Highlights: Mohanlal and wife Suchithra cut cake to celebrte Phalke award

dot image
To advertise here,contact us
dot image