
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായി ഇന്ന തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് വള. മികച്ച അഭിപ്രായമാണ് സിനിമ തിയേറ്ററുകളിൽ നിന്ന് നേടുന്നത്. ഒരു വള കാരണം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതും രസകരവുമായ രീതിയിൽ ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയമായ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് 'വള'യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും ഉണ്ട്. ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്.
പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നുമുണ്ട്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: vala movie received great responses