
മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്‌കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവും പങ്കുവെച്ച് സംവിധായകൻ കമൽ. നേരത്തെ അർഹരായ പല മലയാളികൾക്കും ഫാൽക്കേ പുരസ്‌കാരം ലഭിക്കാതെ പോയിട്ടുണ്ടെന്നും ഇപ്പോൾ മോഹൻലാലിന് ആ പുരസ്‌കാരം ലഭിക്കുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും കമൽ പറഞ്ഞു. റിപ്പോർട്ടറിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അംഗീകാരം ആണിത്. അടൂരിന് ശേഷം മലയാള സിനിമയിലേക്ക് ദാദാ സാഹിബ് പുരസ്‌കാരം എത്തിച്ചേർന്നിരിക്കുകയാണ്. അതും മോഹൻലാലിന് ലഭിക്കുന്നു എന്ന് പറയുമ്പോൾ വലിയ സന്തോഷമാണ്. ലോകം കണ്ട മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. ലാലിനെ സ്‌നേഹിക്കുന്ന എല്ലാവരുടെയും അഭിമാന നിമിഷമാണത്.
ലാൽ അത് അർഹിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മലയാള സിനിമയിൽ ഈ അവാർഡിന് അർഹരായ പലർക്കും കിട്ടാതെ പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ലാലിന് ലഭിക്കുമ്പോൾ അതിമധുരമാണ്. ലാലിനൊപ്പം ഏറെ വർഷം വർക്ക് ചെയ്യാൻ കഴിഞ്ഞവരെന്ന നിലയിൽ അദ്ദേഹത്തിന് അവാർഡ് ലഭിക്കുന്നതിൽ ഏറെ അഭിമാനമുണ്ട്,' കമൽ പറഞ്ഞു
2023 ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ദേശീയ പുരസ്‌കാര വിതരണ ടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 2004 ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്.
Content Highlights: Director Kamal about Mohanlal winning Dada Saheb Phalke Award 2025