
ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ശേഷം പാകിസ്താൻ പേസ് ബൗളർ ഷഹീൻ ഷാ അഫ്രീദിയെ കളിയാക്കി മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. അദ്ദേഹം ബൗളിങ് ചെയ്യുന്നത് നിർത്തി ബാറ്റിങ് തുടരുന്നതാകും നല്ലതെന്നാണ് ശ്രീകാന്ത് പറഞ്ഞത്. പാകിസ്താനിലെ മറ്റ് ബാറ്റർമാരെക്കാൾ നല്ല ബാറ്റിങ്ങാണ് അവന്റേതെന്നും അദ്ദേഹം പറഞ്ഞു.
'അവന് പേസുമില്ല സ്വിങ്ങുമില്ല. ബൗളിങ് വെടിഞ്ഞിട്ട് ബാറ്റിങ് ചെയ്യുന്നതാകും നല്ലത്. മറ്റ് പാകിസ്താൻ ബാറ്റർമാരെക്കാൾ നന്നായി ഷഹീൻ ഷാ ബാറ്റ് വീശുന്നുണ്ട്. എനിക്ക് ഇപ്പോഴുമറിയില്ല അവരെങ്ങനെയാണ് 2022 ടി-20 ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചതെന്ന്. ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുന്നത് പോലെയാണ് അഭിഷേക് ശർമ ഷഹീൻ അഫ്രീദിയെ നേരിട്ടത്. ടെന്നീസ് ബോളിൽ അടിക്കുന്നത് പോലെയാണ് അഭിഷേക് സിക്‌സറുകൾ അടിച്ചുക്കൂട്ടിയത്. ഷഹീൻ അഫ്രീദിയെ ഒന്നുമല്ലാത്ത ഒരു ബൗളറാക്കാൻ ഇന്ത്യൻ കളിക്കാർക്കായി.
ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ രണ്ട് ഓവർ പന്തെറിഞ്ഞ അഫ്രീദി 23 റൺസ് വഴങ്ങി. എന്നാൽ ബാറ്റിങ്ങിൽ ഒമ്പതാമനായി എത്തിയ അഫ്രീദി വെറും 16 പന്തിൽ നിന്നും നാല് സിക്‌സറുകളടിച്ച് 33 റൺസ് സ്വന്തമാക്കി. താരത്തിന്റെ അവസാന ഓവറിലെ വെടിക്കെട്ടിന്റെ ബലത്തിൽ പാകിസ്താൻ 127 റൺസ് നേടിയെങ്കിലും ഇന്ത്യ അനായാസം വിജയത്തിലെത്തുകയായിരുന്നു.
ഏഴ് വിക്കറ്റിന്റെ ജയമായിരുന്നു ഇന്ത്യ നേടിയത്. പാകിസ്താനെ വെറും 127 റൺസിൽ ഒതുക്കിയ ഇന്ത്യ 15.5 ഓവറിൽ വിജയത്തിലെത്തി. മത്സരം വിജയിച്ചതോടെ ഇന്ത്യ സൂപ്പർ ഫോറിലേക്കെത്തി. 128 റൺസ് പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് തിളങ്ങിയത്. 47 റൺസെടുത്ത് പുറത്താവാതെ നിന്ന ക്യാപ്റ്റൻ സുര്യകുമാർ യാദവും 31 വീതം റൺസെടുത്ത അഭിഷേക് ശർമയും തിലക് വർമയുമാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ടൂർണമെൻറിൽ ഇന്ത്യയുടെ രണ്ടാം വിജയമാണിത്.
ടോസ് നേടിയ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
Content Highlights- Kris Srikanth Rolls Shaheen Shah Afridi for his Bowling