കൂലിയ്ക്ക് ഇങ്ങനെ തിരക്കാണെങ്കിൽ 'കൈതി 2' വന്നാൽ എന്താകും ബോക്സ് ഓഫീസിന്റെ അവസ്ഥ!; വൈറലായി ട്വീറ്റുകൾ

ചൂടപ്പം പോലെയാണ് കൂലിയുടെ ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തുന്ന കൂലി ആഗസ്റ്റ് 14 ന് പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. വമ്പൻ ഹൈപ്പാണ്‌ സിനിമയ്ക്ക് മേൽ ഉള്ളത്. അഡ്വാൻസ് ബുക്കിങ്ങ് ആരംഭിച്ചത് മുതൽ ബുക്ക് മൈ ഷോയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ കൂലിയുടെ ഈ തിരക്കിന് പിന്നാലെ സോഷ്യൽ മീഡിയയിലാകെ സംസാരം കൈതി രണ്ടാം ഭാഗത്തെക്കുറിച്ചാണ്.

'കൂലി വരുമ്പോൾ ഇങ്ങനെ അപ്പോ ആ കൈതി 2 വന്നാൽ എന്തായിരിക്കും കേരള ബോക്സ് ഓഫീസിന്റെ അവസ്ഥ?', എന്നാണ് പലരും എക്സിൽ കുറിക്കുന്നത്. നിലവിൽ ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്സിലെ ഏറ്റവും വലിയ ഹൈപ്പുള്ള സിനിമയാണ് കാർത്തി ചിത്രം കൈതി 2. സിനിമ വലിയ കളക്ഷൻ തന്നെ നേടുമെന്നാണ് കണക്കുകൂട്ടൽ. ചിത്രം ഈ വർഷം അവസാനത്തോടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അടുത്ത വർഷം പുറത്തിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. കാർത്തി അവതരിപ്പിക്കുന്ന ദില്ലിയും സൂര്യയുടെ റോളക്‌സ്‌ എന്ന കഥാപാത്രവും കൈതി 2 വിൽ നേർക്കുനേർ വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ കമൽ ഹാസന്റെ വിക്രം എന്ന കഥാപാത്രവും എത്തുമെന്നാണ് സൂചനകൾ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി അനുഷ്ക ഷെട്ടി എത്തുമെന്നും തമിഴ് ട്രാക്കർമാർ എക്സിൽ കുറിക്കുന്നുണ്ട്.

ചൂടപ്പം പോലെയാണ് കൂലിയുടെ ടിക്കറ്റുകൾ വിറ്റു പോകുന്നത്. കേരളത്തിലും സിനിമയ്ക്ക് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് പ്രീ ബുക്കിംഗ് നടത്താൻ കൂലിയ്ക്ക് സാധിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ എമ്പുരാൻ ആണ് കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രം. രണ്ടാം സ്ഥാനത്ത് ലോകേഷിന്റെ തന്നെ വിജയ് നായകനായ ലിയോ ആണ്. ഈ റെക്കോർഡുകളെ കൂലി മറികടക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Will Kaithi 2 create record at kerala box office?

dot image
To advertise here,contact us
dot image