അന്ന് ആടുജീവിതത്തെ പുകഴ്ത്തിയ അശുതോഷ് ഇന്ന് തഴഞ്ഞു;പരിഭവം പറയുന്നത് എന്റെ മാന്യതയ്ക്ക് ചേർന്നതല്ല:ബ്ലെസി

ആടുജീവിതം ഒരു വിഭാഗത്തിലും പരിഗണിക്കപ്പെടാതിരുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്

രാഹുൽ ബി
1 min read|04 Aug 2025, 12:57 pm
dot image

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പിറകേ ജൂറിയെ സോഷ്യല്‍ മീഡിയയിൽ വിമർശനങ്ങൾ നിറയുകയാണ്. കേരളത്തെ വേണ്ട വിധത്തിൽ പരിഗണിച്ചില്ലെന്നു മാത്രമല്ല മലയാള സിനിമയായ ആടുജീവിതത്തിന് എന്തുകൊണ്ട് പുരസ്‌കാരം നിരസിച്ചു എന്ന ചോദ്യവും സോഷ്യൽ മീഡിയയില്‍ ഉയര്‍ന്നു. ആടുജീവിതം ദേശീയ അവാർഡിൽ പരിഗണിക്കപ്പെടാതെ പോയതിനെക്കുറിച്ച് റിപ്പോര്‍ട്ടറിനോട് മനസുതുറക്കുകയാണ് സംവിധായകൻ ബ്ലെസി. നേരത്തെ ആടുജീവിതം കണ്ടു ഇഷ്ടപ്പെടുകയും സിനിമയെ പ്രശംസിക്കുകയും ചെയ്ത അശുതോഷ് ഗോവാരിക്കർ ഇപ്പോൾ സിനിമയെ തള്ളിപ്പറഞ്ഞത് തന്നെ അതിശയിപ്പിച്ചെന്ന് ബ്ലെസി പറഞ്ഞു. പല കാറ്റഗറിയിലും അവാർഡ് കിട്ടാതെപോയവരോട് കാണിക്കുന്ന നീതികേടാണ് അത് എന്നുള്ളത് കൊണ്ടാണ് താൻ ഇതിൽ പ്രതികരിക്കുന്നതെന്നും ബ്ലെസി വ്യക്തമാക്കി.

'എന്നെ നേരിട്ട് കണ്ട് ആടുജീവിതത്തിനെക്കുറിച്ച് പ്രശംസിച്ച ആളാണ് അശുതോഷ് ഗോവാരിക്കർ'

നാഷണൽ അവാർഡ് കിട്ടാത്തതിന്റെ പരിഭവം പറയുന്നത് എന്റെ മാന്യതയ്ക്ക് ചേരുന്നതായിട്ട് എനിക്ക് തോന്നുന്നില്ല. കാരണം അത്തരം അഭിപ്രായങ്ങൾ പറയുന്തോറും കൂടുതൽ കൂടുതൽ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഞാൻ ചെറുതാകുന്നതായിട്ട് എനിക്ക് തോന്നും. ജൂറി ആണ് ആർക്ക് കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത്. എനിക്ക് ആകെയുള്ള വിയോജിപ്പ് എന്നുള്ളത്, കഴിഞ്ഞ ദിവസം പ്രദീപ് നായർ ഏതോ മീഡിയയിൽ പറയുന്നത് കേട്ടു അശുതോഷ് ഗോവാരിക്കർ പറഞ്ഞു ആടുജീവിതത്തിന്റെ അഡാപ്റ്റേഷൻ നന്നായില്ല അല്ലെങ്കിൽ ടെക്നിക്കൽ ക്വാളിറ്റി നന്നായില്ല എന്നതുകൊണ്ടാണ് സഹനടനും ഗാനരചയിതാവിനും അവാർഡ് കിട്ടാതെ പോയത് എന്ന്. എന്നെ അതിശയപ്പെടുത്തിയ കാര്യം അശുതോഷ് ഗോവാരിക്കർ എന്നെ നേരിട്ട് കണ്ട് ആടുജീവിതത്തിനെക്കുറിച്ച് പ്രശംസിച്ച് സംസാരിച്ചിട്ടുള്ളതാണ്.

ഞാൻ ബോംബെയിൽ ഓസ്കർ കാമ്പയിനുമായി ബന്ധപ്പെട്ടു പോയപ്പോൾ അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് സംസാരിക്കുകയും ലോറൻസ് ഓഫ് അറേബ്യയ്ക്ക് ശേഷം മരുഭൂമിയെ ഇത്രയധികം മനോഹരമായിട്ട് ഷൂട്ട് ചെയ്തതിനെക്കുറിച്ച് വളരെ അഭിനന്ദിച്ച് സംസാരിക്കുകയും പിറ്റേ ദിവസത്തേക്ക് എന്നെ ലഞ്ചിന് ക്ഷണിക്കുകയും ചെയ്‌തിരുന്നു. പക്ഷെ അന്ന് രാത്രി തന്നെ ഞാൻ മടങ്ങും എന്നുള്ളത് കൊണ്ട് അതിന് പോകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. അങ്ങനെ സംസാരിച്ച ഒരാളിൽ നിന്നും ഇപ്പോൾ വ്യത്യസ്തമായ ഒരു കമന്റ് കേൾക്കുമ്പോൾ അത് ഒരു ജൂറി ചെയർമാൻ ആയതിന് ശേഷം ഉണ്ടായത് ആണല്ലോ എന്ന പബ്ലിക് അറിയാത്ത കാര്യമുണ്ട്. പല കാറ്റഗറിയിലും അവാർഡ് കിട്ടാതെപോയവരോട് കാണിക്കുന്ന നീതികേടാണ് അത് എന്നുള്ളത് കൊണ്ടാണ് ഞാൻ ഇതിൽ പ്രതികരിക്കുന്നത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അതിനെക്കുറിച്ച് സംസാരിക്കുന്നു എന്നതൊക്കെ നല്ല കാര്യങ്ങളാണ്.

അവാർഡ് പ്രഖ്യാപനത്തിന് ശേഷം പൃഥ്വിരാജുമായി സംസാരിച്ചിരുന്നോ? എന്ന ചോദ്യത്തോടും ബ്ലെസി പ്രതികരിച്ചു.

"ഇല്ല ഞാൻ ഇതുമായി ബന്ധപ്പെട്ടു ആരുമായും സംസാരിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അവാർഡ് തഴയപ്പെട്ടതെന്നും പരിഗണിക്കപ്പെടാതെ പോയതെന്നും ഒരുവിധപ്പെട്ട എല്ലാ മലയാളികൾക്കും മനസിലായിട്ടുണ്ടാകും. അതിനെക്കുറിച്ച് വീണ്ടും എടുത്ത് പറഞ്ഞു നമ്മൾ വീണ്ടും ചെറുതാകേണ്ട കാര്യമില്ലല്ലോ." ബ്ലെസി പറയുന്നു.

ആടുജീവിതം ഒരു വിഭാഗത്തിലും പരിഗണിക്കപ്പെടാതിരുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.

'ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്. എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്. ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങനെയാണ്?,' എന്നാണ് വി.ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ഒപ്പം നിരവധി പേർ പൃഥ്വിരാജിന് അവാർഡ് ലഭിക്കാത്തതിലുള്ള നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

Content Hightights: Blessy about Aadujeevitham national award controversy

dot image
To advertise here,contact us
dot image