
ആമിർ ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് 'സിത്താരെ സമീൻ പർ'. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം ഒടിടി റിലീസ് ഒഴിവാക്കി യൂട്യൂബിലൂടെ പുറത്തിറക്കുമെന്ന് നടൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആഗസ്റ്റ് 1ന് ചിത്രം യൂട്യൂബിൽ റിലീസ് ചെയ്യും. 100 രൂപ അടച്ച് പേ പെർ വ്യൂ ഓപ്ഷനിലൂടെ പ്രേക്ഷകർക്ക് സിനിമ കാണാവുന്നതാണ്. ഇപ്പോഴിതാ ചിത്രം യൂട്യൂബിൽ എത്തുന്നതിനെക്കുറിച്ച് ആമിർ പുറത്തിറക്കിയ രസകരമായ ഒരു വീഡിയോ ആണ് വൈറലാകുന്നത്.
ആമിർ ഖാനും മകൻ ജുനൈദ് ഖാനും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇരുവരും പരസ്പരം ട്രോളിക്കൊണ്ടാണ് വീഡിയോയിൽ എത്തുന്നത്. തന്റെ പരാജയ സിനിമകളായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനെയും ലാൽ സിംഗ് ഛദ്ദയേയും ആമിർ വീഡിയോയിൽ ട്രോളുന്നുണ്ട്. ഒപ്പം നെപ്പോ കിഡ് എന്നുവിളിച്ച് മക്നനായ ജുനൈദിനെയും നടൻ ട്രോളുന്നുണ്ട്. നിമിഷനേരങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. ആമിർ ഖാൻ ഇനിയും കോമഡി സിനിമകൾ ചെയ്യണമെന്നും ഇപ്പോൾ പുറത്തുവരുന്ന പല കോമഡി സിനിമകളേക്കാൾ ഈ ചെറിയ വീഡിയോ ചിരിപ്പിക്കുന്നുണ്ട് എന്നിങ്ങനെയാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. ആമിർ ഖാൻ ടാക്കീസ് എന്ന യൂട്യൂബ് ചാനൽ വഴിയാണ് സിത്താരെ സമീൻ പർ പുറത്തിറങ്ങുന്നത്.
ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം.
Content Highlights: Aamir Khan and Junaid Khan new video goes viral