
ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2 . തെലുങ്ക് സൂപ്പർതാരം ജൂനിയർ എൻടിആറും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ റൺ ടൈമിനെക്കുറിച്ചുള്ള അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റാണ് സിനിമയുടെ നീളം. എന്നാൽ ഇത് സെൻസർ ചെയ്യുന്നതിന് മുൻപുള്ള വേർഷൻ ആണെന്നും ചിത്രത്തിന്റെ ദൈർഘ്യം ഇനിയും കുറയുമെന്നും റിപ്പോർട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളും രാജ്യ സ്നേഹവും നിറഞ്ഞു നിൽക്കുന്ന ട്രെയ്ലറിൽ, പ്രണയവും വിരഹവും പ്രതികാരവും തുടങ്ങി നിറയെ ഇമോഷനുകൾ കൂടി കലർന്നിട്ടുണ്ട്. ഹൃത്വിക് റോഷനും ജൂനിയർ എൻടിആറും നേർക്കുനേർ എത്തുന്ന സീനുകളിൽ തിയേറ്ററിൽ വമ്പൻ കയ്യടികൾ മുഴങ്ങും എന്നാണ് ആരാധകർ പറയുന്നത്. രണ്ട് മിനിറ്റും 3 സെക്കന്റുമാണ് ട്രൈലറിന്റെ ദൈർഘ്യം. നിമിഷ നേരം കൊണ്ട് തന്നെ ട്രെയ്ലർ ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ടീസറിനേക്കാൾ കൊള്ളാം, പക്ഷെ ഒരു ഒറിജിനാലിറ്റി തോന്നുന്നില്ല എന്നും അഭിപ്രായമുണ്ട്.
#GulteExclusive:#War2 ~ 3 Hours and 05 Minutes. pic.twitter.com/pn1eK3pKMA
— Gulte (@GulteOfficial) July 29, 2025
ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് 'വാർ 2'. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.
content highlights: War 2 runtime details out now