'കാന്താര' പാൻ ഇന്ത്യൻ ഹിറ്റാകുമെന്ന് ഹോംബാലെ പ്രതീഷിച്ചിരുന്നില്ല; പൃഥ്വിരാജ്

'ഒരു ചെറിയ കന്നഡ സിനിമയാണ് നിര്‍മ്മിക്കുന്നതെന്ന് അവര്‍ കരുതി, തുടക്കത്തില്‍ അങ്ങനെ ആയിരുന്നു ഞാനും'

'കാന്താര' പാൻ ഇന്ത്യൻ ഹിറ്റാകുമെന്ന് ഹോംബാലെ പ്രതീഷിച്ചിരുന്നില്ല; പൃഥ്വിരാജ്
dot image

കാന്താര ഒരിക്കലും ഇത്രയും വലിയ വിജയം ആകുമെന്ന് ഹോംബാലെ ഫിലിംസ് നിർമിക്കുമ്പോൾ കരുതി കാണില്ലെന്ന് പൃഥ്വിരാജ്. അതുപോലെ അടുത്ത പാൻ ഇന്ത്യൻ ചിത്രം ചിലപ്പോൾ ഒഡിയയില്‍ നിന്നോ ഭോജ്പുരിയില്‍ നിന്നോ ആയിരിക്കാം എന്നും പൃഥ്വിരാജ് പറഞ്ഞു. തുടക്കത്തിൽ കാന്താരയുടെ മലയാളം പതിപ്പ് ലഭ്യമല്ലാത്തതിനാല്‍ കന്നഡ പതിപ്പാണ് കേരളത്തിലും റിലീസ് ചെയ്തിരുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. സര്‍സമീന്‍ എന്ന പുതിയ ഹിന്ദി ചിത്രത്തിന്റെ ഭാഗമായി നയന്‍സെന്‍സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഒരു പത്ത് വര്‍ഷം മുന്‍പു വരെ കന്നഡയില്‍ നിന്നുള്ള താരതമ്യേന പുതിയൊരു നടന്റെയോ, സംവിധായകന്റെയോ സിനിമ ഇന്ത്യ മുഴുവന്‍ ഒരു സെന്‍സേഷന്‍ സൃഷ്ടിക്കുമെന്ന് നിങ്ങള്‍ക്ക് ചിന്തിക്കാൻ ആകുമായിരുന്നോ? ഹോംബാലെ ഫിലിംസ് കാന്താര നിര്‍മിക്കുമ്പോള്‍, ഇന്നു കാണുന്നത്ര ഉയരത്തിലേക്ക് ആ ചിത്രമെത്തുമെന്ന് അവര്‍ പോലും കരുതിയിരിക്കില്ലെന്ന് എനിക്ക് വ്യക്തിപരമായി അറിയാവുന്നതാണ്. ഒരു ചെറിയ കന്നഡ സിനിമയാണ് അവര്‍ നിര്‍മ്മിക്കുന്നതെന്ന് അവര്‍ കരുതി, തുടക്കത്തില്‍ അങ്ങനെയായിരുന്നു ഞാനും.

കേരളത്തിലെ എട്ട് തിയേറ്ററുകളിലാണ് കാന്താര ഞാന്‍ റിലീസ് ചെയ്തത്. അതിന് വളരെയധികം പ്രേക്ഷക പിന്തുണ ലഭിച്ചു. ഉടനെ ഞാന്‍ റിഷഭിനെ വിളിച്ച് ചിത്രം എത്രയും വേഗം മലയാളത്തിലേക്ക് ഡബ്ബ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിലോ മറ്റോ അദ്ദേഹം അത് പൂര്‍ത്തിയാക്കി നല്‍കിയെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അതുകൊണ്ട് ഒരിക്കലും അടുത്ത വലിയ പാന്‍-ഇന്ത്യന്‍ പ്രതിഭാസം ഒരുപക്ഷെ ഒഡിയയില്‍ നിന്നോ ഭോജ്പുരി സിനിമയില്‍ നിന്നോ ആയിരിക്കുമോയെന്ന് നമുക്കറിയില്ല.' പൃഥിരാജ് പറഞ്ഞു.

കേരളത്തില്‍ കാന്താര വിതരണം ചെയ്തിരുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. തുടക്കത്തില്‍ മലയാളം പതിപ്പ് ലഭ്യമല്ലാത്തതിനാല്‍ കന്നഡ പതിപ്പാണ് കേരളത്തിലും റിലീസ് ചെയിതിരുന്നത്. എന്നാല്‍ ചിത്രത്തിന് ലഭിച്ച പ്രേക്ഷക പ്രീതിയെ തുടര്‍ന്ന് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റി വീണ്ടും റിലീസ് ചെയ്തിരുന്നു. അതേസമയം കാന്താരയുടെ രണ്ടാം ഭാഗം ഈ വർഷം ഒക്ടോബറിൽ ആഗോളതലത്തിൽ റീലീസ് ചെയ്യും.

Content Highlights: prithviraj about kantara movie

dot image
To advertise here,contact us
dot image