ഹിറ്റുകൾ ഉണ്ടായിട്ടും അവഗണന തുടരുന്നു; ലാൽ സലാമിലും, കാടനിലും സംഭവിച്ചത് ഉദാഹരണം; വിഷ്ണു വിശാൽ

'ക്ലൈമാക്‌സ് വരെയുള്ള കഥാപാത്രമെന്ന് പറഞ്ഞു, ഇന്റര്‍വെലിന് ശേഷം സിനിമയിലില്ലാതായി'

dot image

രാക്ഷസൻ, ജീവ, ഗാട്ടാ ഗുസ്തി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് വിഷ്ണു വിശാൽ. സിനിമകൾ ഹിറ്റാകുമ്പോഴും തന്നെ പലരും അവഗണിച്ചിരുന്നെന്ന് പറയുകയാണ് നടൻ ഇപ്പോൾ. റാണാ ദഗ്ഗുബട്ടി നായകനായെത്തിയ കാടന്‍ എന്ന ചിത്രം അതിന് ഉദാഹരണമാണെന്ന് താരം പറഞ്ഞു. നായകനൊപ്പം പ്രാധാന്യമുള്ള വേഷമെന്നാണ് തന്നോട് പറഞ്ഞതെന്നും ക്ലൈമാക്‌സ് വരെ നില്‍ക്കുന്ന കഥാപാത്രമായിരുന്നു അതെന്നും എന്നാൽ ഫസ്റ്റ് ഹാഫിന് ശേഷം താൻ സിനിമയിൽ ഉണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു. ഇത് തന്നെയാണ് രജനികാന്ത് ചിത്രമായ ലാൽ സലാമിലും സംഭവിച്ചതെന്നും വിഷ്ണു കൂട്ടിച്ചേർത്തു. ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘രാക്ഷസന്‍ ഹിറ്റായതിന് ശേഷവും എന്റെ കരിയറില്‍ വലിയ മാറ്റമുള്ളതായി തോന്നിയിട്ടില്ല. അവഗണിക്കുന്നത് പിന്നെയും തുടരുകയാണ്. പല സിനിമകളിലും എന്റെ വേഷം വെട്ടി ചെറുതാക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് കാടന്‍. ആ സിനിമയില്‍ റാണയോടൊപ്പം പ്രാധാന്യമുള്ള വേഷമായിരുന്നു എന്റേത്. ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞുനില്‍ക്കുന്ന വേഷമെന്നായിരുന്നു ആദ്യം പറഞ്ഞത്. അങ്ങനെ കുറേയൊക്കെ ഷൂട്ട് ചെയ്തു. പക്ഷേ, പടം റിലീസായപ്പോള്‍ ഇന്റര്‍വെല്ലിന് ശേഷം എന്റെ ക്യാരക്ടര്‍ ഇല്ലാതായി. എന്റെ സീനുകള്‍ വെട്ടിച്ചുരുക്കി.

അതുപോലെയാണ് ലാല്‍ സലാം എന്ന സിനിമയിലും നടന്നത്. ഞാനും വിക്രാന്തും നായകന്മാര്‍ എന്നായിരുന്നു ആദ്യം പറഞ്ഞത്. രജിനി സാര്‍ വെറും 25 മിനിറ്റ് മാത്രമുള്ള ക്യാരക്ടര്‍, എക്‌സ്റ്റെന്‍ഡഡ് കാമിയോ എന്ന രീതിയിലായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍ പിന്നീട് എന്റെയും വിക്രാന്തിന്റെയും പോര്‍ഷനുകള്‍ ചെറുതാക്കി. രജിനി സാറിന്റെ കഥാപാത്രത്തിന് ഒരു മണിക്കൂര്‍ സ്‌ക്രീന്‍ ടൈം കൊടുത്തു. വേറെയും സിനിമകളില്‍ ഇതുപോലെ നടന്നിട്ടുണ്ട്. അതിന്റെയൊന്നും പേര് പറയുന്നില്ല,’ വിഷ്ണു വിശാല്‍ പറഞ്ഞു.

അതേസമയം, രാക്ഷസൻ്റെ സംവിധായകനായ രാംകുമാറിനൊപ്പം വീണ്ടുമൊന്നിക്കുന്ന 'ഇരണ്ട് വാനം' ആണ് ഇനി പുറത്തിറങ്ങാനുള്ള വിഷ്ണു വിശാൽ ചിത്രം. മമിത ബൈജു ആണ് സിനിമയിൽ നായികയായി എത്തുന്നത്. രാക്ഷസൻ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇനി അണിയറയിൽ ഒരുങ്ങുന്ന വിഷ്ണു വിശാൽ ചിത്രമാണ്. സൈക്കോളജിക്കല്‍ ത്രില്ലറായ രാക്ഷസനിൽ അമല പോളായിരുന്നു നായികയായെത്തിയത്. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തിയേറ്ററിൽ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.

Content Highlights: Vishnu Vishal says that despite hits, neglect continues in cinema

dot image
To advertise here,contact us
dot image