സ്പിരിറ്റ് ഗം തേച്ച് മേക്കപ്പ് ഇട്ടു, കണ്ണ് പഴുത്ത് പൊട്ടി, കാണിച്ചത് മണ്ടത്തരം; സുരേഷ് കൃഷ്ണ

'ഒരു ആക്ടര്‍ക്ക് ആദ്യം വേണ്ടത് കണ്ണാണ് അത് നശിപ്പിച്ച് കളയല്ലേ, ഭയങ്കര റിസ്‌ക് ആണ് എന്ന് പറഞ്ഞു'

dot image

മലയാളികൾക്ക് സുപരിചിതനായ നടന്മാരിൽ ഒരാളാണ് സുരേഷ് കൃഷണ. ആദ്യ കാലങ്ങളിൽ നെഗറ്റീവ് റോളുകളിൽ ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങി നിന്നിരുന്നു. ഇപ്പോഴിതാ 'പൊട്ടുഅമ്മന്‍' എന്ന തമിഴ് സിനിമയിലെ അഭിനയിക്കുമ്പോൾ മേക്കപ്പ് ചെയ്ത് കണ്ണ് പഴുത്തതിനെക്കുറിച്ച് പറയുകയാണ് സുരേഷ് കൃഷ്ണ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

സിനിമയില്‍ കണ്ണ് ചുവന്ന് നിൽക്കാൻ വേണ്ടി മേക്കപ്പ് ചെയ്തപ്പോള്‍ ശരിയായില്ലെന്നും, അര മണിക്കൂര്‍ പോലും നില്‍ക്കുന്നുണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു. അപ്പോൾ തന്റെ മനസിൽ തോന്നിയ ഐഡിയയിൽ മേക്കപ്പ് ചെയ്തു. എന്നാല്‍ ആ ചെയ്തത് മണ്ടത്തരമായിരുന്നെന്നും കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും കണ്ണ് പഴുക്കാന്‍ തുടങ്ങിയെന്നും ഡോക്ടറിനെ കാണിച്ചപ്പോൾ വഴക്ക് കേട്ടെന്നും സുരേഷ് കൃഷണ കൂട്ടിച്ചേർത്തു. പിന്നെയും ആറ് മാസത്തോളം സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.

‘പൊട്ടുഅമ്മന്‍ സിനിമയില്‍ മേക്കപ്പ് മാന്‍ ചെയ്തതൊന്നും അര മണിക്കൂര്‍ പോലും നില്‍ക്കുന്നില്ല. അപ്പോഴേക്കും അത് സ്‌പ്രെഡ് ആയിപ്പോകുന്നുണ്ടായിരുന്നു. പിന്നെ അതിന്റെ ഒരു ലുക്ക് കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു ഐഡിയ ഞാന്‍ പറഞ്ഞപ്പോഴേക്കും ഡയറക്ടര്‍ ചെയ്തുനോക്കാമെന്ന് പറഞ്ഞു. അത് ടിഷ്യൂ പേപ്പർ അമ്പിളിയമ്മാവന്റെ ഷേപ്പില്‍ കട്ട് ചെയ്തിട്ട് സ്പിരിറ്റ് ഗം കണ്ണിന്റെ താഴെ തേച്ച്, അതിന്റെ മുകളില്‍ പേപ്പര്‍ ഒട്ടിച്ചിട്ട് അതിന്റെ മുകളില്‍ വീണ്ടും ഗം ഒട്ടിച്ച്, അത് ഉണക്കി ചുരുക്കിപ്പിടിച്ചിടിച്ച് പിന്നെ മേക്കപ്പ് ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തപ്പോള്‍ ഭയങ്കര ലുക്ക് കിട്ടി.

പക്ഷെ, അത് ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഇവിടെയെല്ലാം ക്രാക്ക് ചെയ്ത് പഴുപ്പ് വരാന്‍ തുടങ്ങി. അങ്ങനെ ഡോക്ടറിനെ കൊണ്ട് കാണിച്ചപ്പോഴേക്കും എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘ആക്ടറാണ് മേക്കപ്പില്‍ ഇങ്ങനെ ചെയ്തതാണ്’ എന്ന്. ആ ഡോക്ടര്‍ എന്നെ തെറിയോട് തെറിയായിരുന്നു. ഒരു ആക്ടര്‍ക്ക് ആദ്യം വേണ്ടത് കണ്ണാണ് അത് നശിപ്പിച്ച് കളയല്ലേ. ഭയങ്കര റിസ്‌ക് ആണ് എന്ന് പറഞ്ഞു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും കണ്ടിന്യൂവിറ്റി ആയിപ്പോയി. ആറ് മാസത്തോളം ആ പടത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlights: Suresh Krishna talks about his eyes getting swollen after applying makeup

dot image
To advertise here,contact us
dot image