ഇഷ്ടമുള്ള പെൺകുട്ടിയെ ഇംപ്രസ് ചെയ്യാൻ പാമ്പിനെ പിടിച്ചു, അങ്ങനെ പാമ്പ് സുരേഷ് ആയി; സുരേഷ് കൃഷ്ണ

'ആളുകളൊക്കെ വലിയ ബഹളമായി. അവളെ ഇംപ്രസും ചെയ്തു. ഞാന്‍ വളരെ കൂളായിട്ട് തിരിച്ചുപോയി'

dot image

മലയാളികൾക്ക് സുപരിചിതനായ നടന്മാരിൽ ഒരാളാണ് സുരേഷ് കൃഷണ. ആദ്യ കാലങ്ങളിൽ നെഗറ്റീവ് റോളുകളിൽ ശ്രദ്ധേയനായ ഇദ്ദേഹം പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങി നിന്നിരുന്നു. മുമ്പ് ചെയ്ത സിനിമകളിലെ വേഷങ്ങൾ കാരണം കണ്‍വീന്‍സിങ് സ്റ്റാര്‍ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തില്‍ നടന്ന ഒരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. ചെന്നൈയില്‍ തനിക്ക് പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നുവെന്ന് സുരേഷ് കൃഷ്ണ പറയുന്നു. തനിക്ക് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടിയെ ഇംപ്രസ് ചെയ്യാനായി താന്‍ പാമ്പിനെ പിടിക്കാന്‍ പോയെന്നും എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് കുറച്ചാളുകള്‍ വീട്ടിലേക്ക് വന്ന് പാമ്പു പിടിക്കാൻ അന്വേഷിച്ചുവെന്നും സുരേഷ് കൃഷ്ണ കൂട്ടിച്ചേർത്തു. ജിഞ്ചര്‍ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘നമ്മളുടെ വാവ സുരേഷ് ഉണ്ടല്ലോ അതുപോലെ എനിക്കും പണ്ട് പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നു. ചെന്നൈയില്‍ ആയിരുന്നപ്പോള്‍. ഒരിക്കല്‍ ബൈക്കില്‍ ട്രാവല്‍ ചെയ്യുന്ന സമയത്ത് തിരിച്ചെന്റെ വീട്ടിലേക്ക് വരുന്ന വഴിക്ക് അപ്പുറത്തെ വീട്ടില്‍ ഭയങ്കര ആള്‍കൂട്ടം. എന്താ സംഭവം എന്ന് നോക്കിയപ്പോള്‍ അവിടെ ഒരു പാമ്പ് ഉണ്ട്. അവിടെ തൊട്ടപ്പുറത്തെ വീട്ടിലുള്ള പെണ്‍കൂട്ടിയെ വളക്കാനുള്ള ശ്രമം ഞാന്‍ നടത്തികൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഹീറോയിസം കാണിക്കാന്‍ പറ്റിയ ചാന്‍സാണല്ലോ. അവള്‍ മുകളില്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

എന്ത് പാമ്പാണെന്ന് ഒന്നും എനിക്കറിയില്ല. ഞാന്‍ ആളുകളെ മാറ്റിയിട്ട് നേരെ പോയി. പാമ്പിന്റെ വാല്‍ഭാഗം മാത്രമെ പുറത്തുള്ളു. ബാക്കി ഹോളിലാണ്. അവിടുന്ന് മറ്റുള്ളവര്‍ പോകണ്ട എന്നൊക്ക വിളിച്ച് പറയുന്നുണ്ട്. ആദ്യം പോയി ഞാന്‍ വാലില്‍ പിടിച്ചു. ആ സമയം മറ്റേ കക്ഷി മുകളില്‍ നില്‍പ്പുണ്ട്. നല്ലൊരു ചാന്‍സാണ്. പാമ്പിനെ പിടിച്ചും പോയി, വിടാനും പറ്റില്ല. അത്രയും ആളുകള്‍ നോക്കി നില്‍ക്കുകയാണ്. ഒരുപാട് വലിച്ച് തലയല്ലാത്ത ഭാഗം മാത്രം പുറത്ത് വന്നു. അവസാനത്തെ ഒറ്റ വലിയില്‍ വന്നു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.

തൊട്ടടുത്തുള്ള ഒരു തെങ്ങ് ഉണ്ടായിരുന്നു. തെങ്ങിന് പോയി പാമ്പ് അടിച്ചു. ആളുകളൊക്കെ വലിയ ബഹളമായി. അവളെ ഇംപ്രസും ചെയ്തു. ഞാന്‍ വളരെ കൂളായിട്ട് തിരിച്ചുപോയി. രണ്ട് ദിവസം കഴിഞ്ഞ് കുറച്ചാളുകള്‍ വീട്ടിലേക്ക് വന്ന് എന്നെ അന്വേഷിച്ചു. അപ്പുറത്തൊരു പാമ്പുണ്ടെന്ന് പറഞ്ഞ്,’സുരേഷ് കൃഷ്ണ പറഞ്ഞു.

Content Highlights: Suresh Krishna says he caught a snake to impress the girl he liked

dot image
To advertise here,contact us
dot image