വമ്പൻ ബോക്സ് ഓഫീസ് ക്ലാഷ്! മോഹൻലാലും ഫഹദും നസ്ലെനും നേർക്കുനേര്‍; ആരാകും ഓണം വിന്നർ?

നിലവിൽ അഞ്ച് സിനിമകളാണ് ഓണം റിലീസിന് ഒരുങ്ങിനിൽക്കുന്നത്

dot image

സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വമ്പൻ സിനിമകളാണ് എല്ലാ വർഷവും ഓണം റിലീസായി തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണയും ആ പതിവ് തെറ്റുന്നില്ല. പ്രതീക്ഷയുണർത്തുന്ന ഒരുപിടി സിനിമകളാണ് ഈ ഓണത്തിന് കേരള ബോക്സ് ഓഫീസിൽ എത്താൻ ഒരുങ്ങുന്നത്. നിലവിൽ അഞ്ച് സിനിമകളാണ് ഓണം റിലീസിന് ഒരുങ്ങിനിൽക്കുന്നത്.

മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം, ദുൽഖർ സൽമാൻ നിർമിക്കുന്ന ലോക, ഫഹദ് ഫാസിൽ ചിത്രം ഓടും കുതിര ചാടും കുതിര, ഷെയിൻ നിഗത്തിന്റെ ബൾട്ടി, മേനേ പ്യാർ കിയാ എന്നിവയാണ് ഓണം കളറാക്കാൻ തയ്യാറായി നിൽക്കുന്ന സിനിമകൾ. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. 'ഹൃദയപൂര്‍വ്വം ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും. എന്നാല്‍ സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ്. അതിനുവേണ്ടി കാത്തിരിക്കാം' എന്നാണ് സിനിമയെക്കുറിച്ച് മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് പറഞ്ഞത്.

നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന സ്പോർട്സ് ആക്ഷൻ ചിത്രം ആണ് ബൾട്ടി. ഉദയൻ എന്ന നായകകഥാപാത്രമായാണ് സിനിമയിൽ ഷെയിൻ നിഗം എത്തുന്നത്. ഷെയിൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. സായ് അഭ്യങ്കാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ആഗസ്റ്റ് 29 നാണ് സിനിമ പുറത്തിറങ്ങുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദർശൻ, രേവതി പിള്ള തുടങ്ങിയവരും ഭാഗമാകുന്ന സിനിമ ഒരു ഫൺ റോം കോം ആയിട്ടാണ് ഒരുങ്ങുന്നത്. സെപ്റ്റംബർ നാലിന് സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമാണ് ലോക. കല്യാണി പ്രിയദർശനും, നസ്ലെനുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം

ആഗസ്റ്റ് 28 ന് പുറത്തിറങ്ങും. ഡൊമിനിക് അരുൺ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ഇത്. മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത കഥാ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് പോസ്റ്റർ തരുന്നത്.

'മന്ദാകിനി' എന്ന ഹിറ്റ് സിനിമക്ക് ശേഷം സ്പൈർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മേനേ പ്യാർ കിയാ'. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്', മുസ്തഫ സംവിധാനം ചെയ്ത 'മുറ' എന്നീ സിനിമകൾക്ക് ശേഷം ഹൃദു ഹാറൂൺ നായകനായി എത്തുന്ന സിനിമ കൂടിയാണിത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്. ഒരു റൊമാന്റിക് കോമഡി ത്രില്ലറായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്ക് പുറമെ തമിഴിൽ നിന്നും അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. ചിത്രം സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങും.

Content Highlights: Onam movie releases at Kerala Box Office

dot image
To advertise here,contact us
dot image