സാമന്തയും നാഗചൈതന്യയും സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നു; റീ റിലീസിനൊരുങ്ങി ഹിറ്റ് ചിത്രം

ഈ സിനിമയുടെ സെറ്റുകളിലാണ് ഇരുവരും പ്രണയത്തിലാകുന്നതും

dot image

തെന്നിന്ത്യന്‍ നായിക സാമന്തയെയും നാഗചൈതന്യയെയും വീണ്ടും ഒരുമിച്ച് സ്ക്രീനില്‍ കാണാന്‍ അവസരമൊരുങ്ങുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച യേ മായ ചേസവേ എന്ന തെലുങ്ക് ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. 15 വര്‍ഷം മുന്‍പ് ഇറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രം ജൂലൈ 18നാണ് റീ റിലീസിനൊരുങ്ങുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ യേ മായ ചേസവേ വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്ക് റീമേക്കാണ്. സിമ്പുവും തൃഷയും അഭിനയിച്ച തമിഴ് സിനിമയില്‍ സാമന്തയും നാഗചൈതന്യയും അഭിനയിച്ചിരുന്നു. എ ആര്‍ റഹ്‌മാന്റെ സംഗീതവും കാര്‍ത്തിക്- ജെസ്സി പ്രണയകഥയും ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്.

യേ മായ ചേസവേയുടെ റീ റിലീസ് പ്രഖ്യാപനം ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്കാലത്തെയും പ്രിയപ്പെട്ട പ്രണയകഥ വീണ്ടും കാണാന്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ എക്‌സില്‍ കുറിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സാമന്തയും നാഗചൈതന്യയും ഒരുമിച്ചെത്തുമോ എന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്.

യേ മായ ചേസവേ എന്ന ചിത്രത്തിലാണ് സാമന്തയും ചൈതന്യയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഈ സിനിമയുടെ സെറ്റുകളില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും. ഇതിന് ശേഷം ഓട്ടോനഗര്‍ സൂര്യ, മനം, മജിലി, മഹാനടി തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

2021 ഒക്ടോബറിലായിരുന്നു താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ ജീവിതം നിയമപരമായി വേര്‍പിരിഞ്ഞത്. തെന്നിന്ത്യന്‍ സിനിമാ ലേകത്തേയും ആരാധകരേയും ഞെട്ടിച്ച വിവാഹ മോചനമായിരുന്നു ഇവരുടേത്. നാലാം വിവാഹ വാര്‍ഷികത്തോട് അടുക്കുമ്പോഴാണ് വേര്‍പിരിയുന്ന കാര്യം വെളിപ്പെടുത്തിയത്. സാമന്തയുമായി വിവാഹമോചനം നേടിയ നാഗചൈതന്യ പിന്നീട് തെന്നിന്ത്യന്‍ താരം ശോഭിത ധൂലിപാലയെ വിവാഹം ചെയ്യുകയും ചെയ്തു.

Content Highlights: Will Samantha and Naga Chaitanya share the screen again? Ye Maaya Chesave Is Set To Re-Release

dot image
To advertise here,contact us
dot image