വെപ്പ് മീശ ഇളകി പോയി, വേദിയിൽ വെച്ചുതന്നെ പശകൊണ്ട് ഒട്ടിച്ച് ബാലയ്യ; വീഡിയോ വൈറൽ

ജന്മദിനാഘോഷ പരിപാടിയില്‍ ആവേശപൂര്‍വം സംസാരിക്കുന്നതിനിടെയാണ് മീശ ഇളകിവരാന്‍ തുടങ്ങിയത്

dot image

നന്ദമുരി ബാലകൃഷ്ണ എന്ന പേര് കേട്ടാല്‍ ചിലപ്പോൾ മലയാളികൾക്ക് അത്രപെട്ടെന്ന് മനസിലാകണമെന്നില്ല. എന്നാൽ ബാലയ്യ എന്ന പേര് ഒട്ടുമിക്ക മലയാളി സിനിമാപ്രേമികളും കേട്ടിട്ടുണ്ടാകും. ഇദ്ദേഹത്തിന്റെ പ്രവൃത്തികളും സംസാരവും എപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. ഇപ്പോഴിതാ പൊതുവേദിയിൽ വെച്ച് നടന്റെ വെപ്പ് മീശ ഇളകി വന്ന സംഭവമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആകുന്നത്.

നടന്റെ പിറന്നാളിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് വെപ്പ് മീശ ഇളകി വന്നത്. വേദിക്കുചുറ്റും തിങ്ങിനിറഞ്ഞ ആരാധകരിൽ ആവേശം നിറയ്ക്കുന്ന രീതിയിൽ സംസാരിക്കുകയായിരുന്നു നടൻ. ഇതിനിടെ വെപ്പുമീശ ഒരരികിൽ ഇളകിപ്പോവാൻ തുടങ്ങി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നടൻ യാതൊരു കൂസലുമില്ലാതെ വേദിയിൽ വെച്ച് തന്നെ മീശ പശവെച്ച് ഒട്ടിച്ചു. വീണ്ടും യാതൊന്നും സംഭവിക്കാത്ത പോലെയാണ് ബാലയ്യ പ്രസംഗം തുടർന്നത്. വീഡിയോ വൈറലായതിനു പിന്നാലെ 'ഗം ബാലയ്യ' എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്.

അതേസമയം, നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'അഖണ്ഡ 2'. 2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് നായിക. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.

ബാലയ്യ നായകനായി എത്തി അവസാനം പുറത്തിറങ്ങിയ ഡാക്കു മഹാരാജ് വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ബോബി കൊല്ലി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ബോക്സ് ഓഫീസിലും മുന്നേറ്റമുണ്ടാക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നു. 156 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ഭഗവന്ത് കേസരി, വീര സിംഹ റെഡ്ഡി, അഖണ്ഡ 1 എന്നിവയാണ് ബാലയ്യയുടെ അടുത്തിടെ 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

Content Highlight: Actor Balayya's fake mustache got messy on stage

dot image
To advertise here,contact us
dot image