
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചില്ല എന്ന് വിമര്‍ശനമുന്നയിച്ച നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി മാല പാര്‍വതി. പാര്‍വതിയോടും ഡബ്ല്യുസിസിയോടും ഏറെ ആദരവും ബഹുമാനവും ഉണ്ടെങ്കിലും സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണമായിരുന്നു എന്ന് മാല പാര്‍വതി പറഞ്ഞു.
സിനിമയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ എടുക്കുന്ന നിരവധിയായി പ്രവര്‍ത്തനങ്ങള്‍ കാണാതെയാണോ പാര്‍വതി സംസാരിക്കുന്നത് എന്നും മാല പാര്‍വതി ചോദിച്ചു. ഹേമ കമ്മിറ്റിയ്ക്ക് മുന്‍പാകെ താന്‍ നല്കിയ മൊഴിയില്‍ എസ്ഐടി എഫ്ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ പോയ സാഹചര്യത്തെ കുറിച്ചും മാല പാര്‍വതി പോസ്റ്റില്‍ വിശദമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവും പരിഹാസവുമായി പാര്‍വതി രംഗത്തുവന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുമായി മുന്നോട്ടു പോകാന്‍ മൊഴി നല്‍കിയവര്‍ക്ക് താല്പര്യമില്ലാത്ത സാഹചര്യത്തില്‍ കേസുകളെല്ലാം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് രൂപീകരിച്ചത് സിനിമാമേഖയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായിരുന്നു എന്നും അതില്‍ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കണമെന്നും പാര്‍വതി ആവശ്യപ്പെടുകയായിരുന്നു.
'എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അല്ലേ? അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ആകെ അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു,' എന്നായിരുന്നു ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പാര്‍വതി ചോദിച്ചത്. കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു ഈ പ്രതികരണം.
പാര്‍വതിയുടെ ഈ പ്രതികരണത്തിനെതിരെ സംവിധായികയും ഡബ്ല്യുസിസി മുന്‍ അംഗവുമായ വിധു വിന്‍സന്റും രംഗത്തുവന്നിരുന്നു. താരങ്ങളാണെന്ന ബലത്തില്‍ കാടടച്ച് വെടിവെക്കരുത് എന്നും വസ്തുതകള്‍ മനസിലാക്കിയിട്ട് വേണം വിമര്‍ശിക്കാനെന്നും വിധു വിന്‍സന്റ് പറഞ്ഞു. പാര്‍വതിയെ പോലെ തിരിച്ചറിവുള്ള സ്ത്രീകളില്‍ നിന്നും കേരളം അതാണ് പ്രതീക്ഷിക്കുന്നത് എന്നും സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണത്തില്‍ വിധു വിന്‍സന്റ് പറഞ്ഞിരുന്നു.
മാല പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട പാര്‍വതി തിരുവോത്തിന് ഒരു തുറന്ന കത്ത്…
അഞ്ച് വര്‍ഷമായി, സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന പാര്‍വതി തിരുവോത്തിന്റെ ചോദ്യത്തെ വിസ്മയത്തോടെ മാത്രമേ കാണാന്‍ സാധിക്കുന്നുള്ളു. ഹേമാ കമ്മിറ്റി വച്ചതും SIT രൂപീകരിച്ചതും, WDC യുടെ പ്രവര്‍ത്തനങ്ങളും, സ്ത്രീകളെ ഇന്ഡസ്ട്രിയിലേക്ക് കൊണ്ട് വരാന്‍ അക്കാദമി ചെയ്യുന്ന കാര്യങ്ങളും, കരട് രേഖ ചമയ്ക്കുന്നതിന്റെ ചര്‍ച്ചകളും ഒന്നും കാണാതെ പോകുന്നുണ്ടോ എന്നൊരു സംശയം. മറ്റൊരു സംസ്ഥാനവും, ചിന്തിക്കാത്ത കാര്യം ചെയ്ത് തുടങ്ങിയ സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാമായിരുന്നു.
ഒരു സഹപ്രവര്‍ത്തക, എന്നോട് രഹസ്യമായി പങ്കുവച്ച ഒരു ദുരനുഭവം, Hema Committee യുടെ മുന്നില്‍ ഞാന്‍ പറഞ്ഞത് സിനിമയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച്.. എനിക്കറിയാവുന്നതെല്ലാം അവരും അറിയണം എന്ന ആഗ്രഹത്തിലാണ്-നാളെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ വരുന്ന സ്ത്രീകള്‍ക്ക് ഗുണമാകും എന്ന ആഗ്രഹത്താല്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പങ്കു വച്ച ആ വിഷയങ്ങളില്‍ FIR ഇട്ടു എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി പോയി. എന്റെ സ്വന്തം അനുഭവങ്ങള സംബന്ധിച്ച് തെളിവ് കൊടുക്കാന്‍, പോയപ്പോള്‍ ആ വിഷയത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്തവരെ സാക്ഷിയാകാന്‍ വിളിക്കുന്നു എന്നും, അതവരുടെ ജീവിതത്തില്‍ പ്രശ്നമുണ്ടാക്കുന്നു എന്നും അറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത വിഷമമുണ്ടായി. പക്ഷേ അതിനെക്കാള്‍, വിഷമിപ്പിച്ചത്, എന്റെ സഹപ്രവര്‍ത്തക പറഞ്ഞ കാര്യത്തെ കുറിച്ച് FIR ഉണ്ട് എന്നറിഞ്ഞപ്പോഴാണ്. SIT യില്‍ മൊഴി കൊടുക്കാന്‍ പോയപ്പോഴാണ് ഞാനത് അറിയുന്നത്. അപ്പോള്‍ തന്നെ ആ കുട്ടിയെ ഫോണില്‍ വിളിച്ചു. ആ പെണ്‍കുട്ടി എന്നോട് ക്ഷോഭിച്ചു. എങ്ങനെയും പേര് ഒഴിവാക്കണമെന്നും, അവര്‍ നേരിട്ടതിനെക്കാള്‍ വലിയ ഉപദ്രവം ചെയ്തത് ഞാനാണെന്നും പറഞ്ഞപ്പോള്‍, പരിഹാരം കാണാനായാണ് സുപ്രീം കോടതിയില്‍ പോയത്.
അത്, ശരിയായിരുന്നോ തെറ്റായിരുന്നോ ചെയ്തത് എന്നതിനെക്കാള്‍ ഈ വിഷയത്തില്‍ ക്ലാരിറ്റി ഉണ്ടാവണം എന്ന് ആഗ്രഹിച്ചിരുന്നു. കൃത്യമായ ഒരു decree ആണ് കോടതി തന്നത്. ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന അജിത. കേസ് കൊടുത്ത സമയത്ത്, ശാസനാ സ്വരത്തില്‍ എന്നോട് പറഞ്ഞത്, എന്റെ മനസ്സില്‍ ആശങ്കയുണ്ടാക്കിയിരുന്നു. ഈ കേസ് കാരണം, ഈ സമരത്തിന്റെ ശക്തി ചോര്‍ന്ന് പോകരുത് എന്നും അജിതേച്ചി പറഞ്ഞു. ഹേമാ കമ്മിറ്റിയില്‍, പരാതി പറഞ്ഞവര്‍ക്ക് കേസുമായി മുന്നോട്ട് പോകാന്‍ ഇത് തടസ്സമാകരുത് എന്നും ചേച്ചി പറഞ്ഞു. തടസ്സമാകില്ല, എന്ന് ഞാന്‍ പറഞ്ഞ ഉത്തരത്തിന്, 'എങ്കില്‍ കൊള്ളാം' എന്നാണ് അജിതേച്ചി മറുപടി പറഞ്ഞത്. ഇത് ഞാന്‍ പറയുമ്പോള്‍, ഹേമാ കമ്മിറ്റിയില്‍ പോയ ഭൂരിഭാഗം പേരും SIT യുമായി സഹകരിക്കില്ല എന്ന് മനസ്സിലാക്കിയിരുന്നില്ല. കോടതിയില്‍ മൊഴി കൊടുക്കാന്‍ മൂന്ന് തവണ നോട്ടീസ് വന്നു. എനിക്കും വന്നിരുന്നു. സുപ്രീം കോടതിയിലെ കേസ് ഉള്ളത് കൊണ്ട് കോടതിയില്‍ പോയില്ല. പക്ഷേ നട്ടെല്ലുള്ള, നിലപാടുള്ള സഹപ്രവര്‍ത്തകരും പോകാത്തത് എന്നെ വിസ്മയിപ്പിച്ചു.
കോടതിയില്‍ പോയി നമ്മുടെ പരാതി പറയാതെ, നമ്മുടെ പക്ഷം പറയാതെ, നിയമ നടപടി ഉണ്ടാകണം എന്ന് പറയുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. ഗവണ്മെന്റ് എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്? ഹേമാ കമ്മിറ്റിയില്‍ മൊഴി കൊടുത്ത പ്രകാരം, കേസെടുത്ത് പ്രതികളെ ശിക്ഷിക്കട്ടെ, കൂടുതല്‍ ചോദ്യോത്തരം ഒന്നും വേണ്ട എന്നാണോ? Natural Justiceന് എതിരായി ഗവണ്മെന്റ് നിലപാടെടുക്കണം എന്നാണോ? 'കോടതിയില്‍ പോയാല്‍, സിനിമയില്‍ അവസരം നഷ്ടപ്പെടുത്തും, വെച്ചേക്കത്തില്ല, അതുകൊണ്ട് മൊഴി കൊടുത്തത് തന്നെ ധാരാളം, ചെയ്തത് മതി. ഇനി നടപടിയുണ്ടാവട്ടെ .. ' എന്ന വാദം യോജിക്കാനാവാത്തതാണ്.
രേവതി സമ്പത്ത് കേസ് നടത്തുന്നത് നമ്മുടെ മുന്നില്‍ തെളിവായുണ്ട്. പൊതു സമൂഹത്തിന്റെ പിന്തുണയും ആ കുട്ടിക്ക് തന്നെയാണ്. WCC യെയും, പാര്‍വതിയെയും ഏറ്റവും ആദരവേടെ തന്നെയാണ് കാണുന്നത്. അതില്‍ മാറ്റമില്ല. പറയുന്നതില്‍ അല്പം കൂടെ വ്യക്തത വരേണ്ടതുണ്ട് എന്നാണെന്റെ അഭിപ്രായം. സ്ത്രീകള്‍ പറഞ്ഞതു കൊണ്ട്, നടപടി എന്നതും ശരിയല്ല. Right To Be Heard എന്നത് ഒരു ഫണ്ടമെന്റല്‍ പ്രിന്‍സിപ്പിള്‍ ആണ്. അത് പെണ്ണിനും ആണിനും കൊടുക്കേണ്ടത് ഒരു ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. പിന്നെ കരട് രേഖ.. അത് നടക്കുന്നുണ്ട് എന്നതും എല്ലാവര്ക്കും അറിയാം. പരിഹാസത്തിന് പ്രസക്തിയുണ്ടോ എന്ന് ഉറക്കെ ചിന്തിക്കുന്നു.
Content Highlights: Maala Parvathy against Parvathy Thiruvothu on recent Hema Committee related discussions