സ്‌നേഹത്തില്‍ നിന്നുണ്ടായ പരാമര്‍ശം, വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു; കന്നഡഭാഷാ വിവാദത്തില്‍ കമല്‍ ഹാസന്‍

'ഇതൊരു മറുപടിയല്ല, വിശദീകരണമാണ്. Love will never apologize'

dot image

കമൽ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പ്രമോഷൻ പരിപാടിക്കിടെ കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന് കമൽ ഹാസൻ പറഞ്ഞിരുന്നു. പരാമര്‍ശത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കര്‍ണാടകയില്‍ കമലിനെതിരെ നടക്കുന്നത്. നടന്റെ തഗ് ലൈഫ് സിനിമയുടെ പോസ്റ്ററുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടൻ.

തന്റെ വാക്കുകളെ തെറ്റിദ്ധരിച്ചതാണെന്നും, താൻ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ലെന്നും നടൻ പറഞ്ഞു. കന്നഡയിലെ ജനങ്ങള്‍ 'തഗ് ലൈഫ്' ചിത്രം ഏറ്റെടുക്കുമെന്നും കേരളത്തിൽ നടന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ കമൽ ഹാസൻ വ്യക്തമാക്കി. 'ഞാന്‍ പറഞ്ഞത് തെറ്റിദ്ധരിച്ചതാണ്. സ്‌നേഹത്തില്‍ നിന്ന് പറഞ്ഞതാണത്. അപൂര്‍വതകളുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംസ്ഥാനം. കന്നഡയിലെ ജനങ്ങള്‍ 'തഗ് ലൈഫ്' എന്ന ചിത്രം ഏറ്റെടുക്കും. ഞാന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാര്‍ക്ക് ഭാഷയെക്കുറിച്ച് സംസാരിക്കാന്‍ യോഗ്യതയില്ല. ഇതൊരു മറുപടിയല്ല, വിശദീകരണമാണ്. Love will never apologize', കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

നടന്റെ പരാമർശത്തിന് പിന്നാലെ കന്നഡ സംഘടനകളെയും ബിജെപിയെയും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കര്‍ണാടക സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയെന്ദ്ര യെദ്യൂരപ്പയാണ് ആദ്യം രംഗത്തെത്തിയത്. നടന്റെ പെരുമാറ്റം സംസ്‌കാരമില്ലാത്തതാണെന്നും കന്നഡയെ അപമാനിച്ചതായും വിജയെന്ദ്ര ആരോപിച്ചു. തമിഴ് ഭാഷയെ മഹത്വവത്കരിക്കാനായി നടന്‍ ശിവരാജ് കുമാറിനെ വേദിയിലിരുത്തി കന്നഡയെ അപമാനിച്ചത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും അങ്ങേയറ്റത്തെ ഉദാഹരണമാണെന്നും വിജയെന്ദ്ര യെദ്യൂരപ്പ പറഞ്ഞു. കമല്‍ ഹാസന്‍ ഉടന്‍ കന്നഡിക്കരോട് മാപ്പ് പറയണമെന്നും വിജയെന്ദ്ര ആവശ്യപ്പെട്ടു.

Content Highlights: Kamal Haasan responds to Kannada language controversy

dot image
To advertise here,contact us
dot image