
അജിത് കുമാര്‍ ചിത്രം 'ഗുഡ് ബാഡ് അഗ്ലി'ക്കെതിരെ നടന്‍ ധനുഷിന്റെ പിതാവ് കസ്തൂരി രാജ. തന്റെ അനുമതി ഇല്ലാതെ പഴയ ചിത്രങ്ങളിലെ പാട്ട് ഉപയോഗിച്ചുവെന്നും നിര്‍മാതാക്കള്‍ക്കെതിരേ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്നും കസ്തൂരി രാജ അറിയിച്ചു. കഴിഞ്ഞദിവസം സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സിനിമകളിലെ പഞ്ചു മിട്ടായി, ഒത്ത രൂപ തരേന്‍, തോട്ടുവളയ് ഇലയ് അരച്ചി എന്നീ ഗാനങ്ങൾ അനുമതിയില്ലാതെ 'ഗുഡ് ബാഡ് അഗ്ലി'യില്‍ ഉപയോഗിച്ചു. മൗലികതയില്ലായ്മയില്‍ പുതുതലമുറയിലെ സംവിധായകരേയും ചലച്ചിത്ര പ്രവര്‍ത്തകരേയും അദ്ദേഹം വിമര്‍ശിച്ചു.
'ഇളയരാജ, ദേവ തുടങ്ങിയ അതികായന്മാർ കാലാതീതമായ സംഗീതം സൃഷ്ടിച്ചപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ സ്രഷ്ടാക്കൾ പുതുമയെക്കാൾ നൊസ്റ്റാള്‍ജിയയെ ആശ്രയിക്കുന്നതായി തോന്നുന്നു. പഴയ ട്രാക്കുകൾ ഉപയോഗിക്കുന്നത് ഒരു പ്രശ്നമല്ല, പക്ഷേ യഥാർത്ഥ സൃഷ്ടാക്കളിൽ നിന്ന് അനുമതി തേടണം. നിർഭാഗ്യവശാൽ ഇക്കാലത്ത് ആരും ചോദിക്കാൻ മെനക്കെടുന്നില്ല,' എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ 10-ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിനെതിരെ നേരത്തെ ഇളയരാജ രംഗത്തെത്തിയിരുന്നു. ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിൽ ഇളയരാജ ചിട്ടപ്പെടുത്തിയ ഒത്ത രൂപ തരേന്‍, എന്‍ ജോഡി മഞ്ഞക്കരുവി എന്നീ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചത്. എന്നാൽ സിനിമയിൽ ഉപയോഗിച്ച പാട്ടുകൾക്ക് ആവശ്യമായ എല്ലാ അനുമതിയും മ്യൂസിക് ലേബലുകളിൽ നിന്നും തങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ യലമഞ്ചിലി രവിശങ്കർ ഹിന്ദുസ്ഥാൻ ടൈംസിനോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: Kasthuri Raja to take legal action against Good Bad Ugly team over song