'എന്താണ് നടന്നതെന്ന് അക്ഷയ് കുമാറിന് പോലും അറിയില്ല'; 'ഹേര ഫേരി 3' പ്രതിസന്ധിയിൽ സുനിൽ ഷെട്ടി

'ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്'

dot image

പ്രിയദർശൻ സംവിധാനം ചെയ്യുന്ന 'ഹേര ഫേരി 3' എന്ന സിനിമയിൽ നിന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ പിന്മാറിയെന്ന വാർത്തകൾ ബോളിവുഡിൽ വലിയ ചർച്ചകൾക്ക് ഇടവെച്ചിരിക്കുകയാണ്. ഹേര ഫേരി ഫ്രാഞ്ചൈസിയുടെ ആരാധകർ ഇതിൽ വലിയ നിരാശയും പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ പരേഷ് റാവൽ പിന്മാറിയതിൽ പ്രതികരിച്ചിരിക്കുകയാണ് സഹതാരമായ നടൻ സുനിൽ ഷെട്ടി. എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും ആരോടും ഈ വിഷയത്തിൽ സംസാരിച്ചിട്ടില്ലെന്നുമാണ് നടൻ പറഞ്ഞത്.

'ഷൂട്ടിങ് അടുത്ത വര്‍ഷം തുടങ്ങാനിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍, ആരംഭിച്ചുകഴിഞ്ഞു. പ്രൊമോ ഷൂട്ട് ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്തായാലും അത് ഞെട്ടിക്കുന്നതാണ്. എന്റെ മക്കളാണ് എന്നെ കാര്യം അറിയിച്ചത്. എന്താണ് സംഭവമെന്ന് അവര്‍ ചോദിച്ചു', സുനില്‍ ഷെട്ടി ഇന്ത്യാ ടുഡേയോട് പറഞ്ഞു.

'ഈ വിഷയത്തിൽ എനിക്ക് കാര്യമായി ഒന്നും അറിയില്ല. ഇത് തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ആദ്യം ഞാൻ അദ്ദേഹത്തിന് സന്ദേശം അയയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു, പിന്നീട് അദ്ദേഹത്തെ കാണാമെന്നും അതിനെക്കുറിച്ച് ചർച്ച ചെയ്യാമെന്നും കരുതി. ആരുമായും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അക്ഷയ്ക്ക് പോലും അറിയില്ല,' എന്നും സുനിൽ ഷെട്ടി കൂട്ടിച്ചേർത്തു.

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് 'ഹേര ഫേരി'. മലയാളത്തിലെ എവർക്ലാസ്സിക് ചിത്രമായ റാഞ്ചിറാവു സ്പീക്കിംഗിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ഹേര ഫേരി എന്ന സിനിമയിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. 2000ത്തിലാണ് സിനിമ റിലീസ് ചെയ്തത്. തിയേറ്ററുകളിൽ ഈ ചിത്രം വലിയ വിജയമായതിന് പിന്നാലെ 2006 ൽ ഫിർ ഹേരാ ഫേരി എന്ന പേരിൽ രണ്ടാം ചിത്രവും റിലീസ് ചെയ്തു.

ഈ അടുത്താണ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചത്. പിന്നാലെ സിനിമയിൽ നിന്ന് പിന്മാറുന്നതായി പരേഷ് റാവൽ അറിയിക്കുകയായിരുന്നു. തുടർന്ന് അക്ഷയ് കുമാറിന്റെ നിര്‍മാണക്കമ്പനി 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരേഷ് റാവലിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

Content Highlights: Sunil Shetty  comments on Hera Pheri 3 issue

dot image
To advertise here,contact us
dot image