
ലഹരി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡാൻസാഫ് സംഘം കലൂരിലെ ഒരു ഹോട്ടലിൽ എത്തിയപ്പോൾ അവിടെനിന്നും ഇറങ്ങിയോടുന്ന നടൻ ഷൈൻ ടോം ചാക്കോയുടെ വീഡിയോ നേരത്തെ വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ ഷെെന്‍ നായകനായി പുറത്തിറങ്ങാനിരിക്കുന്ന സൂത്രവാക്യം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഹോട്ടലിൽ നിന്ന് ഓടി സ്വിമ്മിങ് പൂളിലേക്ക് ചാടിയ വീഡിയോയുമായി ബന്ധപ്പെടുത്തി പൂളിൽ കിടന്നു കൊണ്ട് സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിക്കുന്ന ഷൈനിനെയാണ് ടീസറിൽ കാണാനാകുന്നത്.
'ഇതും പ്രൊമോഷൻ താനേ…..ക്യാമറ, കുളം പിന്നെ ഞാനും എന്റെ സിനിമയും', എന്ന ക്യാപ്ഷനൊപ്പമാണ് ഷൈൻ ടീസർ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ വിവാദങ്ങൾക്കിടെ സിനിമയുടെ ഫസ്റ്റ് ലുക്കും ടീസറും പുറത്തുവന്നിരുന്നു. യൂജിൻ ജോസ് ചിറമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂത്രവാക്യം എന്ന സിനിമ നിർമിക്കുന്നത് ശ്രീകാന്ത് കാന്ദ്രഗുള ആണ്. ദീപക് പറമ്പോലും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റെജിൻ എസ് ബാബു ആണ് സിനിമയുടെ കഥ ഒരുക്കുന്നത്. സിനിമാബന്ദി പ്രൊഡക്ഷൻസ്, കാന്ദ്രഗുള ലാവണ്യ റാണി പ്രൊഡക്ഷൻസ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ശ്രീറാം ചന്ദ്രശേഖരൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. നിതീഷ് കെടിആർ ആണ്. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെെന്‍ ടോം ചാക്കോ എത്തുന്നത്.
അതേസമയം, സൂത്രവാക്യം സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഷെെൻ ടോം ചാക്കോയില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിൻ സി ഫിലിം ചേംബറിന് പരാതി നൽകിയത് വലിയ വാര്‍ത്തയായിരുന്നു. 'ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായി. അയാള്‍ സെറ്റിലിരുന്ന് വെള്ളപൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ല', എന്നായിരുന്നു വിന്‍സിയുടെ വെളിപ്പെടുത്തല്‍. ആദ്യം നടന്‍റെ പേര് വിൻ സി വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് സിനിമാ സംഘടനകള്‍ക്ക് സംഭവത്തില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ഷെെന്‍ ടോം ചാക്കോയുടെ പേര് പുറത്തുവന്നത്.
സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചതോടെ വിൻ സി തനിക്ക് പരാതിയില്ലെന്ന് അറിയിക്കുകയും വിഷയം ഒത്തുതീർപ്പാകുകയും ചെയ്തു. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായത്. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിയുകയായിരുന്നു.
Content Highlights: Shine tom film soothravakyam new teaser out now