
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നതിനെക്കുറിച്ച് നടി ഐശ്വര്യ ലക്ഷ്മി. നല്ല സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നതിൻ്റെ കാരണം എഴുത്തുകാർ ചിന്തിക്കണമെന്നും ഈ അടുത്ത് തനിക്ക് ചെയ്യണമെന്ന് തോന്നിയ ഒരു കഥാപാത്രങ്ങളും മലയാളത്തിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നടി പറഞ്ഞു. സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ കുറയുന്നതിൽ വിഷമമുണ്ടെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
'ഉള്ളൊഴുക്കിലെ ഫീമെയിൽ കഥാപാത്രങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ഈ അടുത്ത് അതല്ലാതെ എനിക്ക് ചെയ്യണം എന്ന് തോന്നിയ മലയാളം സിനിമകൾ ഉണ്ടായിട്ടില്ല. നല്ല സ്ത്രീ കഥാപാത്രങ്ങൾ കുറയുന്നതിൻ്റെ കാരണം എഴുത്തുകാർ ചിന്തിക്കണം. എനിക്ക് നല്ലത് വന്നാൽ ഒരിക്കലും ഞാൻ നോ പറയില്ല. ഹലോ മമ്മിയിലെ കഥാപാത്രം എനിക്ക് ഇഷ്ടപ്പെട്ടിരുന്നു, ആ കഥയുടെ ഐഡിയ എനിക്ക് ഇഷ്ടമായി. അതിലെ അമ്മ മകൾ ബന്ധം എനിക്ക് വർക്ക് ആയി. അതൊക്കെ കൊണ്ടാണ് ഞാൻ ആ സിനിമ ചെയ്തത്. അതിന് ശേഷം എനിക്ക് അത്തരം ഒരു കഥ കിട്ടിയിട്ടില്ല. സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ നിന്ന് കുറയുന്നതിൽ വിഷമമുണ്ട്. നമ്മൾ ഫോർമുല സിനിമയുടെ സൈഡിലേക്ക് പോകുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. അത് ജഡ്ജ് ചെയ്യാനുള്ള അറിവും വിവരവും എനിക്കില്ല', ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ 'ഹലോ മമ്മി'യാണ് ഐശ്വര്യയുടേതായി അവസാനമായി മലയാളത്തിൽ പുറത്തിറങ്ങിയ സിനിമ. ഷറഫുദ്ധീൻ ആയിരുന്നു സിനിമയിലെ നായകൻ. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. സണ്ണി ഹിന്ദുജ, അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
Content Highlights: Aishwarya Lakshmi talks about lack of good female roles in malayalam