
ഗായകൻ ഉദിത് നാരായണൻ ആയി തെറ്റിദ്ധരിക്കപ്പെട്ട രസകരമായ അനുഭവം വിവരിച്ച് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. കൊളംബോയിലെ തെരുവിലൂടെ നടക്കുമ്പോൾ ഒരു ചെറുപ്പക്കാരൻ തന്റെ അടുത്തേക്ക് വന്നു ഉദിത് നാരായണൻ അല്ലെ എന്ന് ചോദിച്ച് ഫോട്ടോ എടുത്തെന്ന് സന്തോഷ് നാരായണൻ പറഞ്ഞു. ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും സന്തോഷ് നാരായണൻ എക്സിൽ പങ്കുവെച്ചു.
'ഇന്നലെ ഞാൻ കൊളംബോയിലെ തെരുവുകളിലൂടെ അലസമായി നടക്കുകയായിരുന്നു. ഒരു കൗമാരക്കാരൻ എന്റെ അടുത്തേക്ക് ഓടിവന്ന് തിടുക്കത്തിൽ തന്റെ ഫോൺ എടുത്ത് ഉദിത് നാരായൺ സർ നിങ്ങളുടെ പാട്ടുകൾ എനിക്ക് വളരെ ഇഷ്ടമാണ് എന്ന് പറഞ്ഞു. ഒരു ഗായകനായി അംഗീകരിക്കപ്പെട്ടതിൽ ഇപ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്', സന്തോഷ് നാരായണൻ പറഞ്ഞു.
I was casually walking the streets in Colombo yesterday. A young teenager came frantically running to me and took out his phone in a hurry … and said ‘Udit Narayan sir’ , I love your songs - I am so happy now to be recognised as a singer 😂😂.
— Santhosh Narayanan (@Music_Santhosh) May 14, 2025
2012 ൽ പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അട്ടക്കത്തി' എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകനായി സന്തോഷ് നാരായണൻ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മദ്രാസ്, ജിഗർത്തണ്ട, കബാലി, ഭൈരവ, വട ചെന്നൈ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾക്കായി സന്തോഷ് സംഗീതം നൽകി. പണി, അന്വേഷിപ്പിൻ കണ്ടെത്തും, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങിയ മലയാളം സിനിമകൾക്കും സന്തോഷ് നാരായണൻ സംഗീതം നൽകിയിട്ടുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്തു സൂര്യ നായകനായി എത്തിയ 'റെട്രോ' ആണ് സന്തോഷ് നാരായണന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ചിത്രത്തിലെ 'കനിമാ' എന്ന ഗാനം വളരെ ശ്രദ്ധ നേടിയിരുന്നു. സംഗീത സംവിധാനത്തിനോടൊപ്പം ഗായകനായും സന്തോഷ് നാരായണൻ തിളങ്ങിയിട്ടുണ്ട്.
Content Highlights: Santhosh Narayanan recogonised as udit narayanan singer shares experience