
'ലക്കി ഭാസ്കർ' സംവിധായകൻ വെങ്കി അറ്റ്ലൂരിക്കൊപ്പം തെന്നിന്ത്യൻ താരം സൂര്യ ഒരു സിനിമ ചെയ്യുന്നു എന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. സൂര്യയുടെ 46-ാം ചിത്രമാണിത്. ഈ സിനിമയിൽ തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
സൺ ന്യൂസിന്റെ റിപ്പോർട്ട് പ്രകാരം ഈ ചിത്രത്തിൽ സൂര്യയും വിജയ് ദേവരകൊണ്ടയും സ്ക്രീൻ ഷെയർ ചെയ്യും. ഈ കാരണത്താലാണ് ഹൈദരാബാദിൽ നടന്ന റെട്രോയുടെ വിജയ് ദേവരകൊണ്ട പങ്കെടുത്തത് എന്നും റിപ്പോർട്ടുകളുണ്ട്. വെങ്കി അറ്റ്ലൂരി ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നാണ് സൂചന.
ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലും പുറത്തുവിട്ടിട്ടില്ലാത്ത ഈ സിനിമയുടെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റുപോയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് സൂര്യക്കൊപ്പമുള്ള കീർത്തിയുടെ രണ്ടാമത്തെ ചിത്രമായിരിക്കും. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയിലായിരുന്നു കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചത്. വെങ്കി അറ്റ്ലൂരി ചിത്രത്തിൽ ഭാഗ്യശ്രീ ബോർസേയും ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. ഇതോടെ ഈ ചിത്രത്തിൽ രണ്ട് നായികമാരുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
Content Highlights: Reports that Vijay Deverakonda to be the part of Suriya and Venky Atluri movie