'ആമിർ ഖാൻ ഈസ് ബാക്ക്'; ഷുവർ ഹിറ്റ് ഉറപ്പ് നൽകി 'സിത്താരെ സമീൻ പർ' ട്രെയ്‌ലർ

ജൂൺ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും

dot image

മികച്ച സിനിമകളിലൂടെയും അഭിനയ പ്രകടനങ്ങളിലൂടെയും 1000 കോടി നേടിയ ചിത്രങ്ങൾ ഉൾപ്പടെ വലിയ വിജയങ്ങളാണ് ആമിർ ഖാൻ നേടിക്കൊണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് സിനിമകൾ പരാജയപ്പെട്ടതിന് പിന്നാലെ ആമിർ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ 'സിത്താരെ സമീൻ പർ' എന്ന സിനിമയിലൂടെ ആമിർ തിരിച്ചെത്തുകയാണ്. സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ആമിർ ഖാന്റെ മിന്നും പ്രകടനങ്ങൾ തന്നെയാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലറിന്റെ ഹൈലൈറ്റ്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് നടൻ സിനിമയിലെത്തുന്നത് എന്ന് ട്രെയ്‌ലറിലൂടെ വ്യക്തമാകുന്നുണ്ട്. നടന്റെ ഒരു വമ്പൻ വിജയവും തിരിച്ചുവരവും ഈ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുമുണ്ട്. ജൂൺ 20 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും.

ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. താരേ സമീൻ പർ എന്ന സിനിമയുടെ സീക്വൽ ആണ് 'സിത്താരെ സമീൻ പർ' എന്നും ഇതൊരു സ്പാനിഷ് സിനിമയുടെ അഡാപ്റ്റേഷൻ ആണെന്നും നേരത്തെ ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒരു സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്.

ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ - എഹ്സാൻ - ലോയ് ആണ് സംഗീതം. മൂന്ന്‌ വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിർ ചിത്രം. മോശം അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിലും പരാജയപ്പെട്ടിരുന്നു. ആമിർ ഖാൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു 'താരേ സമീൻ പർ'. ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമ ചിത്രമായി ഒരുങ്ങിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

Content Highlights: Aamir Khan movie Sitaare Zameen Par trailer out

dot image
To advertise here,contact us
dot image