
ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ടിക്കി ടാക്ക. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടൈനർ ഴോണറിൽ ആണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ആസിഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ലാർജർ ദാൻ ലൈഫ് എന്ന് വിളിക്കാൻ കഴിയുന്ന മാസ് ചിത്രമായിരിക്കും ടിക്കി ടാക്ക എന്നാണ് ആസിഫ് പറയുന്നത്.
'ടിക്കി ടാക്ക വേറെ ഒരു കൈൻഡ് ഓഫ് മാസ് പടമാണ്. അതിന് കുറച്ച് ഫിസിക്കൽ ചെയ്ഞ്ച് ഒക്കെ വേണം. ലാർജർ ദാൻ ലൈഫ് എന്നൊക്കെ പറയാൻ കഴിയും വിധമുള്ള സിനിമ. സ്ഫടികം ഒക്കെ പോലുള്ള സിനിമകൾ ഉണ്ടല്ലോ, ഒരു തെമ്മാടി എന്നൊക്കെ പറയുമ്പോൾ ഉണ്ടല്ലോ, അത് ആ കഥാപാത്രത്തിന്റെ അടിയിലും സ്വഭാവത്തിലുമെല്ലാം തോന്നും. ഫൈറ്റ് ട്രെയിനിങ്ങും ബോഡി ട്രാൻസ്ഫോർമേഷനും ഒക്കെയുണ്ട്,' എന്ന് ആസിഫ് അലി പറഞ്ഞു. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ്.
ആസിഫ് അലി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. 'ദ് റെയ്ഡ് റിഡെംപ്ഷൻ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകൻ, നസ്ലിൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
തന്റെ കെജിഎഫ് ആണ് ടിക്കി ടാക്കയെന്ന് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ വൈറൽ ആയിരുന്നു. ടിക്കി ടാക്കയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ സമയത്ത് താൻ ഏറെ വിഷമിച്ചിരുന്നുവെന്നും തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തായിരുന്നു ഇങ്ങനെ ഒരു അപകടമെങ്കില്‍ ഇതൊരു അവധിസമയമായിട്ട് കണക്കാക്കിയേനെ. എന്നാല്‍ ഏറ്റവും മോശം സമയത്താണ് ഇത് സംഭവിച്ചത് എന്നും ഈയടുത്ത് മറ്റൊരു അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞിരുന്നു.
Content Highlights: Asif Ali talks about Tiki Taka movie