ഇനി മോഹൻലാൽ ചിത്രം ചെയ്താൽ മിനിമം ഒരു 'തുടരും' ആയിരിക്കും പ്രേക്ഷകർ പ്രതീക്ഷിക്കുക: തരുൺ മൂർത്തി

'ഇപ്പോൾ ആളുകൾ നമുക്ക് നൽകുന്ന ഒരു സ്നേഹമുണ്ട്. അത് ഞാനായിട്ട് നശിപ്പിക്കില്ല'

dot image

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിന്റെ തുടരും എന്ന സിനിമ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ആരാധകരും കുടുംബപേക്ഷകരും ഒരുപോലെ സിനിമയെ ഏറ്റെടുത്തു കഴിഞ്ഞു. ഈ വേളയിൽ മോഹൻലാലിനൊപ്പം മറ്റൊരു തരുൺ മൂർത്തി ചിത്രം ഉണ്ടാകുമോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. മോഹൻലാലിനൊപ്പമുള്ള അടുത്ത സിനിമ എപ്പോൾ എന്ന ചോദ്യത്തിന് തരുൺ നൽകിയ മറുപടി ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നല്ലൊരു തിരക്കഥയുണ്ടാകുന്ന പക്ഷം മാത്രമേ താൻ മോഹൻലാലിനെ ഇനി സമീപിക്കുകയുള്ളൂ.

തുടരും എന്ന സിനിമ മലയാളി പ്രേക്ഷകർ നെഞ്ചോട് ഏറ്റെടുത്തതാണ്. അതിനാൽ തന്നെ മോഹൻലാലിനൊപ്പം ഇനി ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർ അതിൽ നിന്ന് പ്രതീക്ഷിക്കുക. ആ പ്രതീക്ഷ തകർക്കില്ലെന്ന് തരുൺ പറഞ്ഞു.

'ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാനുള്ള ഓപ്‌ഷൻ ഓപ്പൺ ആണ്. ഈ സിനിമയുടെ റിലീസിന് മുന്നേ തന്നെ മറ്റൊരു സിനിമ ചെയ്യാനുള്ള ഓപ്‌ഷൻ ഓപ്പണാക്കി വെച്ചിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും ഒരു നല്ല സ്ക്രിപ്റ്റ് ഉണ്ടെങ്കിൽ ലാൽ സാറിന്റെ അടുത്തേക്ക് പോകാം. നമുക്ക് ചെയ്യാം മോനെ എന്ന് അദ്ദേഹം പറയുമെന്നാണ് എന്റെ വിശ്വാസം. തുടരും എന്ന സിനിമ മലയാളികളുടെ മനസ്സിൽ അത്രത്തോളം പതിഞ്ഞത് കൊണ്ട് ഇനി ലാലേട്ടനൊപ്പവും രഞ്ജിത്തേട്ടനൊപ്പവും ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ സ്ക്രിപ്റ്റ് പ്രധാനമാണ്,'

'എല്ലാവരും മിനിമം ഒരു തുടരും ആയിരിക്കും പ്രതീക്ഷിക്കുക. അതിനെ ചാലഞ്ച് ചെയ്യുന്ന സ്ക്രിപ്റ്റിന് വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്. നല്ല സ്ക്രിപ്റ്റുകൾ എന്റെ കയ്യിലില്ല, മറ്റുള്ളവരോട് അന്വേഷിക്കുകയാണ്. അത്തരമൊരു സ്ക്രിപ്റ്റ് വന്നാൽ ഞാൻ ലാൽ സാറിന്റെ അടുത്തേക്ക് ചെല്ലും. അല്ലെങ്കിൽ ഈ ഒരു സിനിമ മതി എന്ന് കരുതും. നമ്മൾ ഇപ്പോൾ ഒരു മോശം ചെയ്താൽ ആളുകൾ എടുത്ത് നിലത്തേക്ക് ഇടും. ഇപ്പോൾ ആളുകൾ നമുക്ക് നൽകുന്ന ഒരു സ്നേഹമുണ്ട്. അത് ഞാനായിട്ട് നശിപ്പിക്കില്ല,' എന്ന് തരുൺ മൂർത്തി ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Content Highlights: Tharun Moorthy talks about doing another movie with Mohanlal

dot image
To advertise here,contact us
dot image