നായകൻ രജനികാന്ത്, പക്ഷേ കയ്യടി മുഴുവൻ നാഗാർജുനയ്ക്ക്; വൈറലായി ട്വീറ്റുകള്‍

സൂര്യയുടെ റോളക്സ് പോലെ, കൂലിയിലെ നാഗാര്‍ജുനയുടെ റോൾ ആഘോഷിക്കപ്പെടുമെന്നും കമന്റുകളുണ്ട്

dot image

രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ പുതിയ ഗ്ലിംപ്സ് അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കൂലി റിലീസ് ചെയ്യുന്നതിന് ഇനി 100 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് പ്രമാണിച്ചായിരുന്നു സ്പെഷ്യൽ പ്രൊമോ റിലീസായത്. രജനികാന്ത്, സൗബിൻ, ഉപേന്ദ്ര, സത്യരാജ്, നാഗാർജുന എന്നിവരെ കാണിച്ചുകൊണ്ടുള്ളതാണ് വീഡിയോ. ഇവരുടെയെല്ലാം ബാക്ക് ഷോട്ട് ആയിരുന്നു വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ടീസർ റിലീസിന് പിന്നാലെ വൈറലാകുകയാണ് നടൻ നാഗാർജുനയുടെ ലുക്ക്.

കഴിഞ്ഞ കുറച്ച് നാളുകളായി നാഗാർജുനയുടെ സിനിമകൾ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണ്. ഈ സിനിമയിലൂടെ നടൻ ശക്തമായി തിരിച്ചുവരുമെന്നാണ് നടന്റെ ആരാധകർ ടീസർ റിലീസിന് പിന്നാലെ പ്രതികരിക്കുന്നത്. ഒരു പക്കാ സ്റ്റൈലിഷ് ബാക്ക് ഷോട്ട് ആണ് നാഗാർജുനയ്ക്കായി ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്നതെന്നും സൂര്യയുടെ റോളക്സ് പോലെ ഈ റോൾ ആഘോഷിക്കപ്പെടുമെന്നും കമന്റുകളുണ്ട്. നടന്റെ പഴയ സിനിമകളിലെ വീഡിയോയും കൂലിയുടെ ടീസറും ഉൾപ്പെടുത്തിയുള്ള ഫാൻ എഡിറ്റ് വീഡിയോകൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. രജനികാന്ത് ആണ് ഹൈലൈറ്റ് എങ്കിലും ഗ്ലിംപ്സ് നാഗാർജുന കൊണ്ടുപോയി എന്നാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ കുറിക്കുന്നത്.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരന്‍ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ഫിലോമിന്‍ രാജ് ആണ്. ചിത്രം ആഗസ്റ്റ് 14 ന് തിയേറ്ററിലെത്തും.

ഈ ചിത്രത്തിന് പുറമെ ജയിലർ 2 എന്ന സിനിമയും രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അനിരുദ്ധ് ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധിമാരനാണ് സിനിമയുടെ നിർമാണം.

Content Highlights: Nagarjuna's look goes viral in Coolie Glimpse

dot image
To advertise here,contact us
dot image